fan-brawl

ന്യുഡൽഹിയിലെ അരുൺ ജെയിറ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ– ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റിങ്‌ വെടിക്കെട്ടിന് കായികലോകം സാക്ഷികളായപ്പോൾ വേദിയിലെ ഗാലറിയിൽ നടന്നത് മറ്റൊരു വെടിക്കെട്ടാണ്.

ആരാധകരിൽ ചിലർ ചേരി തിരിഞ്ഞ് പരസ്പരം പോരടിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സ്റ്റേഡിയത്തിന്റെ ഈസ്റ്റ് ബ്ലോക്കിൽ  നടന്ന ‘പൊരിഞ്ഞ അടിയുടെ’ വിഡിയോ ഒരു ആരാധകൻ റെക്കോർഡു ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതോടെയാണു സംഭവം പുറം ലോകമറിയുന്നത് തന്നെ. അടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഡൽഹി പൊലീസ് എത്തി രംഗം തണുപ്പിക്കുന്നതും വിഡിയോയിൽ കാണാം. സംഘർഷം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.  ഫാൻ ഫൈറ്റാകാനും സാധ്യതയുണ്ട്. 

മത്സരത്തിനിടെ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങൾ ഗുസ്തി മത്സരം ഓർമിപ്പിക്കുന്നെന്നും കാണാൻ നല്ല രസമുണ്ടെന്നും ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെട്ടപ്പോൾ കാണികളുടെ സുരക്ഷയ്ക്കു പോലും ഭീഷണി ഉയർത്തുന്ന രീതിയിലുള്ള ഇത്തരം സംഘർഷത്തെ ശക്തമായി അപലപിച്ച് മറ്റൊരു വിഭാഗം ആളുകൾ രംഗത്തെത്തി. പരമ്പരയിലെ 2–ാം മത്സരം കട്ടക്കിൽ ഞായറാഴ്ച നടക്കും.