ഞാനേറ്റെന്ന് കൂള്‍ പാണ്ഡ്യ; ഡോട്ട് ബോളിനുശേഷമുള്ള തലയാട്ടല്‍ വൈറല്‍

ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയത് മിന്നുംജയമായിരുന്നു. അതിന്റെ ശില്‍പി ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ്. പരുക്കില്‍ നിന്ന് മോചിതനായശേഷം ആത്മവിശ്വാസത്തിലും കളിമികവിലും പതിന്മടങ്ങ് മെച്ചപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലിലെ അല്‍ഭുതപ്രകടനത്തിന്റെ തുടര്‍ച്ചയാണ് ഏഷ്യാകപ്പിലെ ആദ്യമല്‍സരത്തില്‍ കാഴ്ചവച്ചത്. ഏതുസാഹചര്യത്തിലും കൂളായി കളിക്കുന്ന മാച്ച് വിന്നര്‍ എന്ന നിലയിലേക്കുള്ള ഹാര്‍ദിക്കിന്റെ പരിവര്‍ത്തനം അതിശയിപ്പിക്കുന്നതായി. പാക്കിസ്ഥാനെതിരെ ആദ്യം ബോളുകൊണ്ടും പിന്നീട് ബാറ്റുകൊണ്ടുമുള്ള ഹാര്‍ദിക്കിന്റെ കത്തിക്കയറല്‍ ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തു. ആദ്യം ജഡേജയ്ക്ക് പിന്തുണ നല്‍കിയും പിന്നീട് ഗിയര്‍ മാറ്റി ഉഗ്രന്‍ ഷോട്ടുകളുതിര്‍ത്തും ഹാര്‍ദിക് കൂട്ടുകെട്ടിന്റെ ഗതിമാറ്റി. അവസാന ഓവറിന്റെ ആദ്യപന്തില്‍ സിക്സറിന് മുതിര്‍ന്ന ജഡ്ഡു ബോള്‍ഡായതോടെ ഗാലറികളില്‍ നിശബ്ദത. പിന്നാലെ വന്ന ദിനേഷ് കാര്‍ത്തിക് സിംഗിളെടുത്ത് ഹാര്‍ദിക്കിന് സ്ട്രൈക്ക് കൈമാറി. പത്തൊന്‍പതാം ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ പായിച്ച ഹാര്‍ദിക് ബാറ്റിങ് ക്രീസില്‍ തിരിച്ചെത്തിയതോടെ ആരാധകര്‍ ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്ത് ഡോട്ട് ബോളായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഒന്നുപരിഭ്രമിച്ചു. മൂന്നുബോളില്‍ വേണ്ടത് ആറ് റണ്‍സ്. ഡോട്ട് ബോള്‍ കണ്ട് ആശങ്കപ്പെട്ട് നില്‍ക്കുന്ന ദിനേഷ് കാര്‍ത്തിക്കിനെ നോക്കി ച്യൂയിങ് ഗം ചവച്ച് ഹാര്‍ദിക് പട്ടേല്‍ ഒന്നു തലയാട്ടി. 'എല്ലാം ഞാനേറ്റു' എന്ന പോലെയുള്ള ആ തലയാട്ടലിന്റെ അര്‍ഥം അടുത്ത പന്തില്‍ കണ്ടു. സിക്സര്‍ ! പന്ത് ഗാലറിയിലെത്തിയപ്പോഴും അതിരുവിട്ട ആവേശമോ ആഹ്ലാദ പ്രകടനമോ ഇല്ല. ഇതൊക്കെ എന്ത് എന്ന പോലെ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയെ അനുസ്മരിപ്പിക്കുന്ന റിയാക്ഷന്‍.