‘ഞങ്ങൾക്കും ഇന്ത്യയോളം വളരണം’; സഹായം തേടി ചൈന

ക്രിക്കറ്റിൽ കൂടുതൽ മികവു തേടി ഇന്ത്യാ സന്ദർശനവുമായി ചൈനീസ് ഉദ്യോഗസ്ഥർ. ചൈനീസ് ക്രിക്കറ്റിന്റെ പുരോഗതിക്കായി മൂന്നംഗ പ്രതിനിധി സംഘമാണ് കൊൽക്കത്തയിലെത്തി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അവിഷേക് ഡാൽമിയയുമായി ചർച്ചകൾ നടത്തിയത്. ചൈനയിലെ ചോങ്‍ക്വിങ് നഗരത്തിലെ ക്രിക്കറ്റിന്റെ വളർച്ചയാണു സംഘത്തിന്റെ ലക്ഷ്യം. ഇതിനായുള്ള സഹായവും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ തേടി.

ക്രിക്കറ്റിൽ ഏഷ്യയിലെ ആദ്യ പത്തിൽ ഇടമില്ലാത്ത ടീമാണ് ചൈനയുടേത്. 2018ലാണ് ചൈന അവസാന രാജ്യാന്തര മത്സരം കളിച്ചത്. ചൈനീസ് കോൺസുൽ ജനറല്‍ സാ ലിയോവാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷനുമായുള്ള ക്രിക്കറ്റ് സഹകരണത്തിനു മുൻകൈയ്യെടുക്കുന്നത്. ക്രിക്കറ്റ് രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യവുമായാണു പ്രവർത്തിക്കുന്നതെന്ന് ഡാൽമിയ പ്രതികരിച്ചു. 

‘ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണം അഭ്യർഥിച്ചാണു ചൈനീസ് സംഘം എത്തിയത്. ക്രിക്കറ്റുമായി മുന്നോട്ടു പോകാനുള്ള തീരുമാനം അഭിനന്ദനാർഹമാണ്. ഞങ്ങൾ ഭൂട്ടാനെയും ബംഗ്ലദേശിനെയും ക്രിക്കറ്റിൽ എപ്പോഴും സഹായിച്ചിട്ടുണ്ട്. ചൈന സൗഹൃദ മത്സരങ്ങൾക്കാണു താൽപര്യപ്പെടുന്നത്. അവരുടെ കുട്ടികൾക്കു കൂടുതൽ അവസരവും വേണം. താരങ്ങൾക്ക് ഇവിടെ വന്നു കളിക്കണമെന്നുണ്ട്. പരിശീലകർക്കും ഇന്ത്യയിലെത്തി പരിശീലനം നേടണമെന്നു താൽപര്യമുണ്ട്. അവർ ക്രിക്കറ്റിനെ വളരെ പ്രധാനപ്പെട്ടതായാണു കാണുന്നത്. ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി എല്ലാം ചെയ്യും’– എന്നാണ് ഡാൽമിയ പ്രതികരിച്ചിരിക്കുന്നത്.