വനിതാ ട്വന്‍റി–20യില്‍ വെള്ളി: ഓസ്ട്രേലിയയോട് പൊരുതിതോറ്റ് ഇന്ത്യ

കോമണ്‍വെല്‍ത്ത് വനിതാ ക്രിക്കറ്റില്‍ പൊരുതിതോറ്റ് ഇന്ത്യ. സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയോട് 9 റണ്‍സിനാണ് തോറ്റത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, മൂന്ന് പന്ത് ബാക്കിനില്‍ക്കേ 152 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും, ഷഫാലി വര്‍മയും തുടക്കത്തില്‍ തന്നെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ജെമിമ റോഡ്രിഗസും, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് മൂന്നാം വിക്കറ്റിലെ 96 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇരുവരും പുറത്തായതോടെ ലക്ഷ്യത്തിലെത്താനാകാതെ ഇന്ത്യ തകരുകയായിരുന്നു. ഏകദിന, ട്വന്‍റി–20 ലോകകപ്പ് കിരീടങ്ങള്‍ക്ക് പിന്നാലെയാണ്, ഓസ്ട്രേലിയന്‍ വനിതകളുടെ കോമണ്‍വെല്‍ത്ത് ക്രിക്കറ്റ് കിരീട നേട്ടം.