മലബാര്‍ റിവര്‍ ഫെസ്റ്റ്; ഇന്റര്‍നാഷണല്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന് കോടഞ്ചേരിയില്‍ തുടക്കമായി

മലബാര്‍ റിവര്‍ ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഇന്റര്‍നാഷണല്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് കോടഞ്ചേരിയില്‍ തുടക്കമായി. ആദ്യദിനത്തിലെ പ്രഫഷണല്‍ കയാക്കിങ് മല്‍സരിത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള ശിഖയും ഉത്തരാഖണ്ഡില്‍ നിന്നുള്ള അമിതും ഒന്നാമതെത്തി. 

ചാലിപ്പുഴയില്‍ സജ്ജമാക്കിയ മൂന്നു ഡൗണ്‍ സ്ട്രീം ഗേറ്റുകളും രണ്ട് അപ് സ്ട്രീം ഗേറ്റുകളും കടന്നാണിവര്‍ ഇവര്‍ വിജയക്കരതൊട്ടത്. മറ്റ് മല്‍സരാര്‍ഥികളെ പിന്നിലാക്കി കുതിച്ചുകൊണ്ട് പ്രഫഷണല്‍ കയാക്കിങില്‍ ആദ്യം ദിനം തന്നെ ഒന്നാം സ്ഥാനം. കയാക്കിങ് സ്ലോലോം പ്രഫഷണല്‍ വനിത വിഭാഗത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള പത്തൊന്‍പതുകാരി ശിഖയും പുരുഷവിഭാഗത്തില്‍ ഉത്തരാഖണ്ഡുകാരന്‍ അമിതും വിജയത്തിന്റെ ഓളം തീര്‍ത്തു. സാഹസിക വിനോദം ലോകത്തിന്റെ ട്രെന്റായി മാറിയെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്.

നാല് മലയാളി താരങ്ങളും മല്‍സരത്തില്‍ പങ്കെടുത്തെങ്കിലും ഫൈനലില്‍ തുഴ തെന്നി .വിജയികള്‍ക്ക് അന്‍പതിനായിരം , മുപ്പതിനായിരം , ഇരുപതിനായിരം രൂപ എന്നിങ്ങനെ യഥാക്രമം ലഭിക്കും. ഓഗസ്റ്റ് 12 മുതല്‍ 14 വരെയാണ് മല്‍സരങ്ങള്‍ നടക്കുന്നത്.