‘താറാവിനെ കഴിച്ചാൽ അടുത്ത ദിവസത്തെ കളിയിൽ ഗോൾഡൻ ഡക്ക്’; എന്തൊരു വിശ്വാസം!

 ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ പിന്തുടർന്ന വിശ്വാസത്തെക്കുറിച്ച് വിവരിച്ച് ന്യൂസീലൻഡ് മുൻ താരം റോസ് ടെയ്‍ലർ. ക്രിക്കറ്റിൽനിന്നു വിരമിച്ച റോസ് ടെയ്‍ലറിന്റെ ആത്മകഥയിലാണ് അന്ധവിശ്വാസത്തെക്കുറിച്ച് റോസ് ടെയ്‍ലർ എഴുതിയിരിക്കുന്നത്. തന്റെ കരിയറിൽ മത്സരങ്ങള്‍ക്കു മുൻപ് താറാവ് ഇറച്ചി കഴിച്ചിരുന്നില്ലെന്ന് റോസ് ടെയ്‍ലർ വെളിപ്പെടുത്തി. 2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് ഈ രീതി ആരംഭിച്ചതെന്നും റോസ് ടെയ്‍‌ലർ വ്യക്തമാക്കി.

‘‘ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ എന്റെ ആദ്യ മത്സരത്തിനു തലേ ദിവസം രാത്രി ഞാൻ ചൈനീസ് റസ്റ്ററന്റിൽ‌ പോയിരുന്നു. താറാവ് ഇറച്ചി ഉപയോഗിച്ചുള്ള എന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് അന്നു കഴിച്ചത്. പിറ്റേ ദിവസം മത്സരത്തിൽ ലിയാം പ്ലങ്കറ്റ് എറിഞ്ഞ പന്തിൽ അൻഡ്രു ഫ്ലിന്റോഫ് ക്യാച്ചെടുത്ത് ഞാൻ പൂജ്യത്തിനു പുറത്തായി. ‘ഡക്ക്’ ആയതോടെ ആദ്യത്തെ നിയമം വന്നു– ക്രിക്കറ്റിനു തലേ ദിവസം താറാവിനെ കഴിക്കരുത്’’– റോസ് ടെ‍യ്‍ലർ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന പുസ്തകത്തിൽ താരം കുറിച്ചു.

‘‘ വർഷങ്ങൾക്കു ശേഷം വീണ്ടും എനിക്കു താറാവ് ഇറച്ചി കഴിക്കേണ്ടിവന്നു. രണ്ട് ദിവസം കഴിഞ്ഞ് കളി ഉണ്ടെന്നും താറാവ് ഇറച്ചി വേണ്ടെന്നും സുഹൃത്തുക്കളോടു പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം കളിയില്ലാത്തതിനാൽ ആ നിയമം ബാധകമാകില്ലെന്നാണു സുഹൃത്തുക്കൾ എന്നോടു പറഞ്ഞത്. അതുംകേട്ട് കുറച്ച് താറാവ് കഴിച്ചു. അടുത്ത കളിയിൽ ഞാൻ ഗോൾഡൻ ഡക്കായി പുറത്ത്.’’– റോസ് ടെയ്‍ലർ വ്യക്തമാക്കി.