‘ലോകകപ്പിൽ ടീമിനെ നയിക്കാൻ പാണ്ഡ്യ എത്തിയാലും അത്ഭുതമില്ല; അതിനുള്ള കഴിവുണ്ട്’

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫുൾടൈം ക്യാപ്റ്റനായി ചുമതലയേൽക്കാൻ തയാറാണെന്ന് ഹാർദിക് പാണ്ഡ്യ തുറന്നു പറഞ്ഞതിനു പിന്നാലെ അദ്ദേഹത്തെ ട്വന്റി 20 ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി മുൻ ന്യൂസിലൻഡ് താരം സ്കോട് സ്റ്റൈറിസ്. അടുത്ത ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ ഹാർദിക് പാണ്ഡ്യ നയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നാണ് സ്കോട് പറഞ്ഞിരിക്കുന്നത്.

‘‘മൂന്നു തവണ ഹാർദിക് ഇന്ത്യൻ ടീമിനെ നയിച്ചു. രണ്ട് തവണ അയർലൻഡിനെതിരെയും ഒരു തവണ വെസ്റ്റിൻഡീസിനെതിരെയുമായിരുന്നു കളി. മൂന്നു കളിയും ഇന്ത്യൻ ടീമിനെ ജയിപ്പിക്കാനായി. ആറ് മാസം മുൻപ് വരെ ഹാർദിക് ക്യാപ്റ്റനാകുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ പോലും ചെയ്തിരുന്നില്ല. എന്നാൽ ഹാർദിക്കിന് വിജയം നേടാനായി. ട്വന്റി 20 ലോകകപ്പിൽ ഹാർ‌ദിക്കിനെ വൈസ് ക്യാപ്റ്റനാക്കുകയൊ ക്യാപ്റ്റനാക്കുകയൊ ചെയ്യുന്നതിൽ അത്ഭുതപ്പെടാനില്ല. ഇപ്പോഴത്തെ കളിക്കാർക്ക് വേണ്ട എല്ലാ കഴിവുകളും ഹാർദിക്കിനുണ്ട്.’’– സ്കോട് പറഞ്ഞു

അഞ്ചാം ട്വന്റി20 മത്സരത്തിൽ വിൻഡീസിനെ 88 റൺസിനു കീഴടക്കി ഇന്ത്യ പരമ്പര 4–1നു സ്വന്തമാക്കിയതിനു ശേഷമാണ് ഫുൾടൈം ക്യാപ്റ്റനാകാനുള്ള താൽപര്യം ഹാർദിക് പറഞ്ഞത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു വിശ്രമം അനുവദിച്ചതിനെത്തുടർന്ന് പകരം നായകൻ ഹാർദിക്കായിരുന്നു. അതേസമയം, ലോകകപ്പ് അരികിലെത്തിയ സമയത്ത് ക്യാപ്റ്റൻസിയെക്കാൾ ടീമിന്റെ കാര്യമാണ് പ്രധാനമെന്നു ഹാ‍ർദിക് പറഞ്ഞു.