വനിത ട്വന്റി20; പാക്കിസ്ഥാനെ എട്ടുവിക്കറ്റിന് തകർത്ത് ഇന്ത്യ; സെമിഫൈനല്‍ സാധ്യത

കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിലെ രണ്ടാം പോരാട്ടത്തിൽ പാക്കിസ്ഥാനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ. 100 റൺസ് വിജയലക്ഷ്യം 38 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു. 11.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 102 റൺസെടുത്തു. മഴയെ തുടർന്നു മത്സരം 18 ഓവറായി ചുരുക്കിയിരുന്നു. 63 റൺസെടുത്ത പുറത്താകാതെ നിന്ന ഓപ്പണർ സ്മൃതി മന്ഥന ഇന്ത്യയുടെ വിജയം വേഗത്തിലാക്കി. 42 പന്തിൽ മൂന്നു സിക്സും എട്ടു ഫോറും അടങ്ങുതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. ഷഫാലി വർമ (9 പന്തിൽ 16), സബ്ബിനേനി മേഘന (16 പന്തിൽ 14), ജെമിമ റോഡ്രിഗസ് (3 പന്തിൽ 2*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ ‘സെഞ്ചറി’ തികയ്ക്കാകെ ഇന്ത്യൻ ബോളർമാർ പുറത്താക്കുകയായിരുന്നു. 30 പന്തുകൾ നേരിട്ട് 32 റൺസെടുത്ത മുനീബ അലിയാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ.

ഒരു റണ്ണെടുക്കും മുൻപേ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റു വീഴ്ത്തിയ ഇന്ത്യ കൃത്യമായ ഇടവേളകളില്‍ പാക്ക് ബാറ്റർമാരെ പുറത്താക്കിക്കൊണ്ടിരുന്നു. ആലിയ റിയാസ് (22 പന്തിൽ 18), ബിസ്മ മറൂഫ് (19 പന്തിൽ 17), ആയിഷ നസീം (9 പന്തിൽ പത്ത്), ഒമൈമ സുഹൈൽ (13 പന്തിൽ 10) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ.

ഇന്ത്യയ്ക്കായി സ്നേഹ് റാണയും രാധ യാദവും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. രേണുക സിങ്, മേഘ്ന സിങ്, ഷഫാലി വർമ എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെട്ടിരുന്നു.അവസാന മല്‍സരത്തില്‍ ബാര്‍ബഡോസിനെ തോല്‍പിച്ചാല്‍ ഇന്ത്യയ്ക്ക് സെമിഫൈനലിലെത്താം.