സെൽഫിക്കു ശ്രമിച്ച ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഋതുരാജ്; രൂക്ഷ വിമർശനം; പിന്തുണച്ച് ആരാധകർ

കനത്ത മഴയെ തുടർന്ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം ഉപേക്ഷിക്കുകയും പരമ്പര സമനിലയിൽ കലാശിക്കുകയും ചെയ്തത് ആരാധകർക്ക് നിരാശ സമ്മാനിച്ച ഒരു കാര്യമാണ്. തുടർച്ചയായി മഴ പെയ്‌തതോടെ മത്സരം നടത്താനാവാതെ പോവുകയായിരുന്നു. ആകെ 21 പന്തുകൾ മാത്രം നീണ്ടുനിന്ന മത്സരത്തിൽ ഇന്ത്യ 28 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2-2 മാർജിനിൽ സമനിലയിലായി. ഇരു ടീമുകളും ട്രോഫി പങ്കിട്ടു.   

പക്ഷെ മഴ കളിച്ച 5–ാം ട്വന്റി20ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം നേരിടുന്ന ഒരു താരം ഇന്ത്യൻ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദാണ്. ഗ്രൗണ്ട്സ്മാനോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന് ആരാധകരുടെയും മുൻ താരങ്ങളുടെയും രൂക്ഷ വിമർശനമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

സംഭവം ഇങ്ങനെ; 

കനത്ത മഴയെത്തുടർന്ന് 50 മിനിറ്റോളം വൈകിയാണ് മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചത്. ബാറ്റിങ്ങിനു തയാറായി ഇന്ത്യൻ താരങ്ങൾ ടീം ഡഗൗട്ടിൽ ഇരിക്കുന്നതിനിടെ, പാഡ് ചെയ്ത് ബാറ്റിങ്ങിന് ഒരുങ്ങിയിരിക്കുന്ന ഗെയ്‌ക്വാദിനോട് ഒരു ഗ്രൗണ്ട്സ്മാൻ സെൽഫിയെടുക്കാനുള്ള ശ്രമം നടത്തുന്നു. എന്നാൽ ഗെയ്ക്വാദ് ഗ്രൗണ്ട്സ്മാനെ ചെറുതായി പിടിച്ചു തള്ളിയതിനുശേഷം നീങ്ങിയിരിക്കൂ എന്ന തരത്തിലുള്ള ആംഗ്യം കാട്ടുന്നു. 

ഇത് മോശമായിപ്പോയി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഗ്രൗണ്ട്സ്മാനോടുള്ള മോശമായ പെരുമാറ്റത്തിന്റെ പേരിൽ ഒട്ടേറെപ്പേരാണ് ഋതുരാജ് ഗെയ്ക്വാദിനെ വിമർശിക്കുന്നത്.  

ഇതിന്റെ വിഡിയോ പുറത്തുവരുകയും ചെയ്തു. ഗെയ്‌ക്വാദിന്റെ പെരുമാറ്റത്തെ പിന്തുണച്ച് നിരവധി പേരും രംഗത്ത് എത്തുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളും ബയോബ‌ബ്ളും മറ്റും ചൂണ്ടിക്കാട്ടിയാണ് പിന്തുണ. നേരത്തെ കോവിഡ് കാരണം ടീമിലെ അവസരം നഷ്ടപ്പെട്ട താരം കൂടിയാണ് ഗെയ്ക്വാദ്. അടുത്തു തന്നെ അയർലൻഡ് പര്യടനം ഉള്ളതിനാലാകണം ഇത്തരമൊരു നടപടി തരത്തിൽ നിന്നുമുണ്ടായത് എന്നാണ് ആരധകർ പറയുന്നത്.