‘അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം’; സസ്പെന്‍സുമായി ധോണി

അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുണ്ടാകുമെന്ന് ധോണി. ടീമിനൊപ്പം കളിക്കാനും നയിക്കാനും തയാറാണെന്ന് പറഞ്ഞ ധോണി വാക്കുകളില്‍ സസ്പെന്‍സ് സൃഷ്ടിക്കാനും മറന്നില്ല, ഈ സീസണില്‍ ഇടയ്ക്കുവച്ച് നായകനെ മാറ്റിയ ചെന്നൈ ആകെ നാലുകളികളിലാണ് ജയിച്ചത്. 

ഈ സീസണിലെ അവസാന മല്‍സരത്തിന് ഇറങ്ങുമ്പോഴാണ് ധോണി തന്റെ ആഗ്രഹങ്ങളും ചിന്തകളും പങ്കുവച്ചത്. ചെന്നൈ നല്‍കിയ സ്നേഹവും ആദരവും മറക്കാനാവില്ല. അതിനാല്‍ ചെന്നൈയില്‍ കളിക്കാതെയും ആരാധകരോട് നന്ദിപറയാതെയും കളം വിടാനാകില്ലെന്ന് മല്‍സരത്തിന് മുമ്പ് ധോണി പറഞ്ഞു. എന്നാല്‍ ടോസ് സമയത്ത് ധോണി പറഞ്ഞ വാക്കുകളില്‍ നിഗൂഢത കാണാനായി, അടുത്ത സീസണില്‍ മഞ്ഞ ജേഴ്സില്‍ കാണാനാകും എന്നാല്‍ അത് ഇപ്പോള്‍ കാണുന്ന മഞ്ഞനിറത്തിലുള്ളതാകണമെന്നില്ലെന്നും ധോണി പറഞ്ഞു. ഈ സീസില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കി ഇറങ്ങിയ ചെന്നൈയ്ക്ക് ജയങ്ങള്‍ അകലെയായിരുന്നു. ഇടയ്ക്കുവച്ച് ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരംആരെന്ന് ചെന്നൈയ്ക്ക് ചിന്തിക്കേണ്ടിവന്നില്ല. ധോണി വീണ്ടും ക്യാപ്റ്റനായി. എന്നാല്‍ പ്ലേ ഓഫിലേക്ക് കടക്കാനുള്ള വഴികള്‍ അപ്പോഴേക്കും അടഞ്ഞിരുന്നു. നാലുതവണ ചെന്നൈയെ ഐപിഎല്‍ ചാംപ്യന്മാരാക്കിയ ധോണി പറയുന്നത് ക്യാപ്റ്റന്‍സി എന്നത് വലിയ ഉത്തരവാദിത്തമെന്നാണ്, ടീം ക്യാപ്റ്റനാകുമ്പോള്‍ സ്വന്തം പ്രകടനത്തിനൊപ്പം ടീമിലെ സഹതാരങ്ങളുടെയും ടീമിന്റെയും പ്രകടനത്തിനായി പരിശ്രമിക്കണം. ഇതിന് കളിക്കാരന്റെ മാനസിക നില വളരെ പ്രധാനമാണ്. ജഡേജ ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ധോണിയുടെ ഈ മറുപടി. ധോണിയില്ലാതെ ചെന്നൈയില്ലെന്ന് ടീം ഉടമ ശ്രീനിവാസന്‍ പറയുമ്പോള്‍ ധോണിയുടെ റോള്‍ മാത്രമാണ് ഇനി അറിയാനുള്ളത്.