'സഞ്ജുവിന്റെ ശൈലി ശരിയല്ല; കുറച്ച് കൂടി സമയം എടുക്കണം'; വിമർശനം

ഇത്തവണത്തെ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ബാറ്റിങ് ശൈലിയെ വിമർശിച്ച്  ആകാശ് ചോപ്ര രംഗത്ത്. ഈ സീസണിലെ ചില കളികളിൽ നേരിടുന്ന പന്തുകളെല്ലാം ബൗണ്ടറി കടത്താൻ ശ്രമിക്കുന്ന രീതിയിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്ങെന്ന് ചോപ്ര വിമർശിച്ചു. സീസണിലെ 13 കളികളിൽനിന്ന് 29.92 ശരാശരിയിൽ 359 റൺസാണ് ഇരുപത്തേഴുകാരനായ സഞ്ജുവിന്റെ സമ്പാദ്യം. 153.42 സ്ട്രൈക്ക് റേറ്റും ഉണ്ടെങ്കിലും സീസണിൽ അർധസെഞ്ചുറി കടന്നത് രണ്ടു തവണ മാത്രം.

സീസണിലെ നിർണായക മത്സരത്തിൽ ഇന്നു ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാനിരിക്കെയാണ് സഞ്ജുവിന്റെ ശൈലിയെ വിമർശിച്ച് ചോപ്ര രംഗത്തെത്തിയത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പട്ടികയിൽ രണ്ടാം സ്ഥാനം നേടാൻ രാജസ്ഥാന് അവസരമുണ്ട്.

‘ഇതിനു മുൻപ് ഈ വേദിയിൽ കളിച്ചപ്പോൾ, നേരിടുന്ന പന്തുകളെല്ലാം ബൗണ്ടറി കടത്താനായിരുന്നു സഞ്ജുവിന്റെ ശ്രമം. ആ തന്ത്രം പക്ഷേ വിജയിച്ചില്ല എന്നതായിരുന്നു പ്രശ്നം. നേരിടുന്ന പന്തുകളെല്ലാം സിക്റോ ഫോറോ അടിക്കാൻ ശ്രമിച്ചാൽ പുറത്താകാനുള്ള സാധ്യതയും കൂടുമെന്ന് തീർച്ചയാണ്. സഞ്ജു കുറച്ചുകൂടി സമയം എടുക്കണമെന്നാണ് എന്റെ അഭിപ്രായം’ – ചോപ്ര പറഞ്ഞു.

ഇന്നത്തെ മത്സരം നടക്കുന്ന മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ മേയ് 15ന് ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിട്ടപ്പോൾ, സഞ്ജു 24 പന്തിൽ 32 റൺസെടുത്ത് പുറത്തായിരുന്നു. ഷിമ്രോൺ ഹെറ്റ്മെയർ കൂടി ടീമിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ സഞ്ജു വൺഡൗണായിത്തന്നെ ഇറങ്ങണമെന്ന് ചോപ്ര ആവശ്യപ്പെട്ടു.

‘ഹെറ്റ്മെയർ കൂടി തിരിച്ചെത്തിയ സാഹചര്യത്തിൽ സഞ്ജുവിന് ബാറ്റിങ് ഓർഡറിലെ തന്റെ സ്ഥാനത്തേക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതില്ല. ഒരിക്കൽ വൺഡൗണായി ഇറങ്ങുന്നതിനു പകരം സഞ്ജു അഞ്ചാമനായി ഇറങ്ങിയിരുന്നു’ – ചോപ്ര ചൂണ്ടിക്കാട്ടി.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരത്തിൽ ജോസ് ബട്‍ലർ ഫോമിലേക്കു തിരിച്ചെത്തുമെന്ന പ്രതീക്ഷയും ചോപ്ര പങ്കുവച്ചു.‘ജോസ് ബട്‍ലർ റൺസ് കണ്ടെത്തേണ്ട സമയമായിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന് അതിനു കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. ഇത്തവണ ഇന്നിങ്സിന്റെ ആരംഭത്തിൽ അദ്ദേഹം അൽപം കൂടി ശ്രദ്ധ കാട്ടുമെന്നാണ് കരുതുന്നത്. തുടക്കം നന്നായാൽ ബട്‍ലർ വലിയ സ്കോറിലേക്കു നീങ്ങുമെന്ന് തീർച്ചയാണ്’ – ചോപ്ര കൂട്ടിച്ചേർത്തു