സന്തോഷ് ട്രോഫി നേടൂ; സമ്മാനമായി ഒരു കോടി തരും: പ്രഖ്യാപനം; ആവേശം വാനോളം

സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയാൽ കേരള ടീമിനെ കാത്തിരിക്കുന്നത് അപൂർവ സമ്മാനം. കപ്പടിച്ചാൽ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രവാസി സംരംഭകനും  വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഡോ. ഷംഷീർ വയലിൽ ഇക്കാര്യം അറിയിച്ചത്. ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരള ടീമിന് പ്രോത്സാഹനമായാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 

ഒരു ഇടവേളയ്ക്ക് ശേഷം കേരളം ആതിഥേയരായ ടൂർണമെൻറ് വലിയ ആവേശത്തോടെയാണ് ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തത്. ഫൈനലിന് യോഗ്യത നേടി കേരള ടീമും ആരാധകരുടെ പ്രതീക്ഷ കാത്തു . കേരളാ - ബംഗാൾ ഫൈനലിന് മണിക്കൂകൾ ശേഷിക്കേയാണ് ആരാധകർക്ക് ആവേശമായും ടീമിന് പ്രോത്സാഹനമായും ഡോ. ഷംഷീർ വയലിലിന്റെ സർപ്രൈസ് സമ്മാന പ്രഖ്യാപനം വരുന്നത്. 

ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം ചൂടാനുള്ള പ്രോത്സാഹനമായുമാണ് തന്റെ പ്രഖ്യാപനമെന്ന് ഡോ. ഷംഷീർ വയലിൽ ട്വിറ്ററിൽ കുറിച്ചു. മലയാളിയെന്ന നിലയിൽ കേരള ടീം ഫൈനലിൽ എത്തിയതിൽ അഭിമാനമുണ്ടെന്നും സംസ്ഥാന ഫുട്ബോൾ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്റെ മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. കേരളം വിജയികളായാൽ കിരീടദാന ചടങ്ങിൽ തന്നെ സമ്മാനത്തുക കൈമാറിയേക്കും. 

കേരളത്തിലും മിഡിൽ ഈസ്റ്റിലുമായി ഒട്ടേറെ സംരംഭങ്ങളുടെ ഉടമയായ ഡോ.ഷംഷീർ വയലിൽ കായിക മേഖലയുടെ പ്രോത്സാഹനത്തിനായി നേരത്തെയും വിവിധ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെ ഹോക്കി താരം പി.ആർ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനിച്ചിരുന്നു.