പൂച്ചയോട് ക്രൂരത; ഫ്രഞ്ച് ഫുട്‌ബോള്‍ താരത്തിന് കുരുക്ക്: കരാര്‍ റദ്ദാക്കി അഡിഡാസ്

വളർത്തുപൂച്ചയെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്ത ഫുട്ബോൾ താരത്തിന് കൊടുക്കേണ്ടി വരുന്നത് വൻ വില. വെസ്റ്റ്ഹാം യുണൈറ്റഡിന്റെ ഫ്രഞ്ച് ഫുട്ബോള്‍ താരം കുര്‍ട് സൗമ കൂടുതല്‍ കുരുക്കിലേക്കാണ് നീങ്ങുന്നത്. താരത്തിന്റെ കരിയർ തന്നെ അവസാനിച്ചേക്കും. പൂച്ചയെ ക്രൂരമായി ഉപദ്രവിക്കുന്ന വിഡിയോ സൗമ തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. സംഭവം വിവാദമായതോടെ താരം മാപ്പ് ചോദിച്ചിരുന്നു. താരത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടുലക്ഷം പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ പരാതി നല്‍കിയിട്ടുണ്ട്. 

മൃഗസ്‌നേഹികളുടെ സംഘടനകളും സജീവമായി രംഗത്തത്തിയിട്ടുണ്ട്. താരത്തിൽ നിന്ന് പരമാവധി തുക പിഴയായി ഇൗടാക്കിയേക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്ഫഡിനെതിരായ മത്സരത്തിൽ വെസ്റ്റ്ഹാം സൗമയെ കളത്തിലിറക്കിയിരുന്നില്ല.

സൗമയുടെ പ്രവൃത്തി ഞെട്ടിച്ചെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രേറ്റ് പറഞ്ഞു. ഇതോടെ സൗമയുടെ കരാറുകളും റദ്ദാക്കപ്പെടുകയാണ്. ഫ്രഞ്ച് ഡിഫന്‍ഡറുടെ ഔദ്യോഗിക കിറ്റ് നല്‍കുന്നത് അഡിഡാസാണ്. ഇന്‍ഷുറന്‍സ്-ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ വൈറ്റാലിറ്റി, സൗമയുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചു. അഡിഡാസിന്റെ അടക്കം മറ്റുചില കരാറുകളും റദ്ദായിട്ടുണ്ട്. സൗമക്കെതിരെ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.