പരിശീലനത്തിന് പോൾവാൾട്ടില്ലാതെ ദേശീയ ചാംപ്യൻ; കടം വാങ്ങിയ പോള്‍ പരിശീലനത്തിനിടെ പൊട്ടിവീണു

പരിശീലനത്തിന് പോൾവാൾട്ടില്ലാതെ കായിക ഭാവിയില്‍ പ്രതീക്ഷയറ്റ് ദേശീയ ചാമ്പ്യൻ. പാലക്കാട് മണ്ണാർക്കാട് കൈതച്ചിറ സ്വദേശിയും പ്ലസ്ടു വിദ്യാര്‍ഥിയുമായ മുഹമ്മദ് ബാസിമാണ് സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നത്. കടം വാങ്ങിയ പോള്‍ പരിശീലനത്തിനിടെ പൊട്ടിവീണത് മറ്റൊരു തിരിച്ചടിയായി.  

2018 ൽ തിരുവനന്തപുരത്ത്് സംസ്ഥാന സ്കൂൾ കായിക മേളയിൽ മീറ്റ് റെക്കോർഡോടെ പോൾവാൾട്ടിൽ സ്വർണ്ണ മെഡൽ. അതേവര്‍ഷം ദില്ലിയിലെ ദേശീയ സ്കൂൾ ചാമ്പ്യൻ ഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം. ഇന്റര്‍ ക്ലബ്ബ് സംസ്ഥാന മേളയിൽ സ്വർണ്ണ മെഡൽ തുടങ്ങി ബാസിമിന്റെ നേട്ടങ്ങളേറെയാണ്. മികവിനിടയിലും സ്വന്തമായി പോള്‍ വോട്ടില്ലാത്തതിനാല്‍ പരിശീലനം മുടങ്ങിയിരിക്കുന്ന അവസ്ഥയിലാണ് കഴിഞ്ഞമാസം പാല സ്റ്റേഡിയത്തിൽ പരിശീലിനത്തിനിടെ ബാസിം ഉപയോഗിച്ചിരുന്ന ഫൈബർ പോൾ ഒടിഞ്ഞു. കടമായി കിട്ടിയ പോള്‍ പൊട്ടിയതോടെ കരയിലിരിക്കേണ്ട അവസ്ഥയായി.  

ഒരു ഫൈബർ ഗ്ലാസ് പോളിന് ഒരു ലക്ഷം രൂപയോളം ചെലവ് വരും. അത്രയും തുക മുടക്കാനുള്ള ശേഷി കുടുംബത്തിനുമില്ല. പരിശീലനം തുടരാനായില്ലെങ്കിൽ മേയില്‍ നടക്കുന്ന ഇന്റര്‍ ക്ലബ് അണ്ടർ പത്തൊന്‍പത്, നാഷണല്‍ ജൂനിയർ ട്രയൽ എന്നിവയിൽ പങ്കെടുക്കുക ബാസിമിന് വെറും സ്വപ്നമായി മാറും.