കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനൽ റൗണ്ടിൽ; ജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്

ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിലെ അവസാനമൽസരത്തിൽ പുതുച്ചേരിയെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനൽ റൗണ്ടിൽ. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം.

ലക്ഷദ്വീപിനെയും, ആൻഡമാനെയും തോൽപ്പിച്ചതു പോലെ ഏകപക്ഷീയമായിരുന്നില്ല പുതുച്ചേരിക്കെതിരെയുള്ള മത്സരം. മുന്നേറ്റങ്ങൾ പോലെ, കേരളത്തിന് പ്രത്യാക്രമണങ്ങളും നേരിടേണ്ടി വന്നു. 21 ആം മിനിറ്റിൽ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച നിജോ ഗിൽബർട്ടിലൂടെ  കേരളം ലീഡെടുത്തു.

 തൊട്ടുപിന്നാലെ അർജുൻ ജയരാജ് ലീഡ് രണ്ടാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മലയാളിയായ ആൻസി. സി. ആന്റോ പുതുച്ചേരി ക്കായി ഒരു ഗോൾ തിരിച്ചടിച്ചു. സി.വി. പാപ്പച്ചനും, സി.വി. സണ്ണിയും വന്ന പറപ്പൂരിൽ നിന്ന് സന്തോഷ് ട്രോഫിയിൽ 20 വർഷങ്ങൾക്കുശേഷം മറ്റൊരു പറപ്പൂരുകാരന്റെ ഗോൾ .പുതുച്ചേരി മൂന്നാം  ഗോൾ വഴങ്ങിയതോടെ കേരളം താളത്തിലായി. ഒരു ഗോൾ കൂടി നേടി കേരളം പട്ടിക തികച്ചു.

മഞ്ചേരിയിലാണ് ഫൈനൽ റൗണ്ട്. പിഴവുകൾ നികത്തി, ഫൈനൽ റൗണ്ടിൽ കേരളം മെച്ചപ്പെട്ട പ്രകടനം  നടത്തേണ്ടതുണ്ട്.  ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളിനും, ആൻഡമാനെ 9 ഗോളിനും കേരളം തോൽപ്പിച്ചിരുന്നു.