പെങ് ഷുയിയുടെ തിരോധാനം ഭയാനകം; ടെന്നീസ് ലോകം ഒന്നിക്കണം; ജോക്കോവിച്ച്

ഡബിൾസിലെ മുൻ ലോക ഒന്നാം നമ്പർ താരം പെങ് ഷുയിയുടെ തിരോധാനം ഭയപ്പെടുത്തുന്നുവെന്ന് ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ടെന്നീസ് ലോകം ഒന്നടങ്കം പെങിന്റെ മോചനത്തിനായി നിലകൊള്ളണമെന്നും ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് ആവശ്യപ്പെട്ടു.  പെങ് സുരക്ഷിതയാണെന്ന് ഉറപ്പാക്കേണ്ടത് ടെന്നീസ് ലോകത്തിന്റെ കൂടി ആവശ്യമാണെന്നും അല്ലാതെ ചൈനയിൽ വച്ച് ടൂർണമെന്റുകൾ നടത്തരുതെന്നും ജോക്കോ തുറന്നടിച്ചു. പെങിന്റെ കുടുംബത്തിനും ടെന്നീസ് ലോകത്തിനും ചൈനയിലെ ടെന്നീസിന്റെ നിലനിൽപ്പിനും പെങ് സൗഖ്യത്തോടെ സമാധാനത്തോടെ മടങ്ങി വരേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തിൽ ടെന്നീസ് ലോകം മൗനം പാലിക്കരുതെന്നും ഇത് ചൈനയുടെ ആഭ്യന്തര പ്രശ്നമല്ലെന്നും ജോക്കോ വ്യക്തമാക്കി.

 ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പെങിനെ കാണാതെയായത്.  കമ്യൂണിസ്റ്റ് നേതാവായ ഷാങ് ഗോലി ലൈംഗിക ബന്ധത്തിന് തന്നെ നിർബന്ധിച്ചതായി സമൂഹ മാധ്യമത്തിലൂടെയായിരുന്നു പെങിന്റെ തുറന്നുപറച്ചിൽ. അരമണിക്കൂറിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ നിന്ന് പെങിന്റെ വെളിപ്പെടുത്തൽ അപ്രത്യക്ഷമായിരുന്നു. പിന്നാലെ വെളിപ്പെടുത്തൽ തന്റേതല്ലെന്നും താൻ സുരക്ഷിതയായിരിക്കുന്നുവെന്നും പെങിന്റേതെന്ന് അവകാശപ്പെടുന്ന മെയിൽ പുറത്ത് വന്നു. പക്ഷേ ഇത് വിശ്വായോഗ്യമല്ലെന്നാണ് മനുഷ്യാവകാശ സംഘടനകൾ ഉൾപ്പടെയുള്ളവർ പറയുന്നത്. പെങിന്റെ തിരോധാനം ഞെട്ടിപ്പിക്കുവെന്നായിരുന്നു നവമി ഒസാക്കയുടെ പ്രതികരണം.