ക്രിക്കറ്റ് വെറും കളിയല്ല മുറിവേറ്റവരുടെ അതിജീവനം; ലോകകപ്പിലെ അഫ്ഗാൻ പ്രതീക്ഷകൾ

താലിബാന്‍ അധികാരത്തില്‍ എത്തിയ ശേഷം ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ ട്വന്റി–20 ലോകകപ്പിന് എത്തുന്നത്. അവകാശങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണകൂടത്തിന് കീഴില്‍ അസ്വാതന്ത്ര്യമനുഭവിക്കുന്ന ജനത  ക്രിക്കറ്റിലൂടെ എങ്കിലും സന്തോഷിക്കാന്‍ വകയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ ലോകമനസാക്ഷിയെ വിറങ്ങലിപ്പിച്ച ദൃശ്യങ്ങളായിരുന്നു ഇത്. അന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടവരില്‍ കായികതാരങ്ങളുമുണ്ടായിരുന്നു. ക്രിക്കറ്റിന്റെ ഭാവി അനിശ്ചിതത്വത്തിലായി. അന്ന് വിമാനം കയറി രക്ഷപ്പെട്ടവരില്‍ അഫ്ഗാന്‍ വനിതക്രിക്കറ്റ് താരങ്ങളുണ്ടായിരുന്നു. ബാക്കിയുള്ളവരില്‍ പലരും ഇന്ന് ഒളിച്ച് കഴിയുന്നു. എല്ലാവരും ട്വന്റി–20 ലോകകപ്പിന് തയ്യാറെടുക്കുന്ന സമയത്ത് അഫ്ഗാനെ താലിബാന്‍ കീഴടക്കുകയായിരുന്നു.

രാഷ്ട്രീയ അസ്ഥിരതയ്ക്ക് മുകളില്‍ ജനാധിപത്യം വേരുറപ്പിച്ച കാലത്താണ് ക്രിക്കറ്റ് അഫ്ഗാനില്‍ പടര്‍ന്നുപിടിച്ചത്. ഒരു തലമുറ എല്ലാവേദനകളും മറക്കാനുള്ള മരുന്നായി ക്രിക്കറ്റിനെ കണ്ടു. പതിയെ മികവിലേയ്ക്കുയര്‍ന്നു.  ഏത് വമ്പന്‍ ടീമിനേയും വിറപ്പിക്കാന്‍ കഴിവുള്ള ടീമായി വളര്‍ന്നു വന്ന സമയത്താണ് വീണ്ടും താലിബാന്റെ കടന്നുവരവ്.  മറ്റെല്ലാ ടീമുകള്‍ക്കും ക്രിക്കറ്റ് ഒരു വിനോദം മാത്രമാണെങ്കില്‍ അഫ്ഗാനത് മുറിവേറ്റ ജനതയ്ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കാനുള്ള അവസരമാണ്.  ജീവിതത്തോട് പൊരുതിയെത്തിയ ടീം ലോകകപ്പില്‍ മിന്നലാകുന്ന പ്രതീക്ഷയിലാണ് ആരാധകര്‍.