'ദ ക്ലാസ് ഓഫ് 1973' ജേഴ്സിയുമായി കേരള ബ്ലാസ്റ്റേഴ്സ്; ആദരം

1973ലെ കേരള സന്തോഷ് ട്രോഫി ടീമിന് ആദരമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിന്‍റെ എട്ടാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജഴ്സി 1973 ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. അന്നത്തെ ടീമിലുണ്ടായിരുന്ന ആറു പേര്‍ ചേര്‍ന്നാണ് ജഴ്സി പുറത്തിറക്കിയത്.

1973ലെ സന്തോഷ് ട്രോഫി കിരീടനേട്ടം കേരളത്തിന്‍റെ ഫുട്ബോള്‍ ചരിത്രത്തിലെ ഇതിഹാസ നിമിഷങ്ങളാണ്. ക്യാപ്റ്റന്‍ മണിയുടെ നേതൃത്വത്തിലിറങ്ങിയ ടീമാണ് ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി ആ വര്‍ഷം കേരളത്തിലെത്തിച്ചത്‌. കേരളത്തിന്‍റെ ഫുട്ബോള്‍ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തിയിട്ടുള്ള ആ കിരീട നേട്ടത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ക്ലാസ് ഓഫ് 1973 എന്ന് പേരിട്ടിരിക്കുന്ന ജഴ്സി 73ലെ സന്തോഷ് ട്രോഫി ടീമിനാണ് സമര്‍പ്പിക്കുന്നത്. ജഴ്സിയുടെ പിറകില്‍ 1973 എന്ന് ആലേഖനം ചെയ്തിരിക്കുന്നു. ആ ടീമിലുണ്ടായിരുന്ന വിക്ടര്‍ മഞ്ഞിലയും സേവ്യര്‍ പയസും സിസി ജേക്കബുമടക്കമുള്ള താരങ്ങള്‍ ചേര്‍ന്നാണ് ജഴ്സി പുറത്തിറക്കിയത്.

കേരളത്തിന്‍റെ ഫുട്ബോള്‍ പാരമ്പര്യവും അഭിമാനവും എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് ഹോം ജഴ്സി ഒരുക്കിയിരിക്കുന്നത്.