തിരിച്ചടികളില്‍ നിന്ന് പഠിക്കും; ബ്ലാസ്റ്റേഴ്സിന് ദീര്‍ഘകാല ലക്ഷ്യങ്ങള്‍; കരോളിസ്

പോയവർഷത്തെ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ തയാറെടുക്കുന്നതെന്ന് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്. ദീർഘകാല ലക്ഷ്യങ്ങളോടെയാണ് ടീമിൻറെ തയാറെടുപ്പുകൾ. ISL ഇന്ത്യൻ ഫുട്ബോളിൻറെ തലേവര മാറ്റിയതായും സ്കിൻകിസ് മനോരമ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ചുവട് പിഴച്ചത് എവിടെയൊക്കെ എന്ന് തിരിച്ചറിഞ്ഞുള്ള തയാറെടുപ്പുകളാണ് ഇത്തവണ. മികച്ച കായികക്ഷമതയും നേതൃപാടവവും ഉള്ള താരങ്ങളാണ് ഇക്കുറി ബ്ലാസ്റ്റേഴ്സിൻറെ കരുത്ത്. ലക്ഷ്യമിട്ട താരങ്ങളെയെല്ലാം ടീമിലെത്തിക്കാമെന്ന കണക്കു കൂട്ടലിലാണ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. അടുത്ത അഞ്ച് കൊല്ലത്തേക്ക് വ്യക്തമായ പദ്ധതികളുണ്ട് ടീമിന്. പക്ഷേ ഇപ്പോൾ ചിന്തിക്കുന്നത് ഈ സീസണെ കുറിച്ച് മാത്രമാണ്. ആവേശകരമായിരിക്കും ഈ സീസണെന്ന് സ്പോർട്ടിങ് ഡയറക്ടറുടെ ഉറപ്പ്

മുൻ ബ്ലാസ്റ്റഴ്സ് താരം സന്ദേശ് ജിങ്കൻ യൂറോപ്യൻ ലീഗിലേക്ക് പോയത് ഒരേ സമയം പ്രതീക്ഷയും വെല്ലുവിളിയുമാണ്. ക്രൊയേഷ്യൻ ലീഗിലെ ജിങ്കൻറെ പ്രകടനം, ഇന്ത്യൻ താരങ്ങളുടെ യൂറോപ്യൻ ലീഗുകളിലേക്കുള്ള പ്രവേശനത്തിൽ നിർണായകമാകും. ഇന്ത്യൻ ഫുട്ബോളിനെ അടിമുടി മാറ്റിയെടുക്കാൻ ഐഎസ്എൽ വഴി സാധിച്ചു. താഴെത്തട്ടിൽ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുണ്ടത് ഇന്ത്യൻ ഫുട്ബോളിൻറെ പുരോഗതിക്ക് അത്യാവശ്യമാണെന്നും സ്കിൻകിസ് ഓർമിപ്പിക്കുന്നു