ഞാൻ മാർക്കസ് റാഷ്ഫോർഡ്; 23 വയസ്സുള്ള കറുത്തവൻ; അധിക്ഷേപങ്ങൾക്ക് മറുപടി

യൂറോ കപ്പ് ഫുട്ബോൾ ഫൈനലിലെ പരാജയം ഇംഗ്ലണ്ട് ആരാധകർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തങ്ങളുടെ നീരസവും നിരാശയും ആരാധകർ തീർക്കുന്നത് മൂന്ന് താരങ്ങളോടാണ്. മാർക്കസ് റാഷ്ഫോർഡ്, ജോഡാൻ സാഞ്ചോ, ബുകായോ സാക്ക. ഇവർ മൂന്ന് പേരുമാണ് പെനാൽറ്റി പാഴാക്കിയതെന്നാണ് വിമർശനം. ഇവരിൽ മാർക്കസ് റാഷ്ഫോർഡ് കടുത്ത വംശീയ അധിക്ഷേപത്തിനാണ് ഇരയാകുന്നത്. 

തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റാഷ്ഫോർഡ് ഇപ്പോൾ. ഫൈനലിലെ ഷൂട്ടൗട്ടിൽ പെനാൽറ്റി പാഴാക്കിയതിൽ ആരാധകരോട് മാപ്പ് ചോദിക്കുന്നുവെന്നും 23 വയസ്സുള്ള കറുത്തവനാണ് താനെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമാണ് സമൂഹമാധ്യമങ്ങളിൽ റാഷ്ഫോർഡ് പങ്കുവച്ച കുറിപ്പിൽ പറയുന്നത്. 

'എന്റെ ടീമിന് വേണ്ടി എന്നോട് ആവശ്യപ്പെട്ടത് ഒരു പെനാൽറ്റി മാത്രമാണ്. ഉറക്കത്തിൽ പോലും എനിക്ക് പെനാൽറ്റി ഷോട്ട് അടിക്കാൻ സാധിക്കുന്നതാണ്. പക്ഷേ എന്താണ് സംഭവിച്ചത്..? എനിക്ക് ബുദ്ധിമുട്ടേറിയ സീസണായിരുന്നു ഇത്. അത് വിവരിക്കാൻ വാക്കുകളില്ല. ഫൈനൽ, 55 വർഷം, ഒരു പെനാൽറ്റി, ചരിത്രം. എനിക്കാകെ പറയാനാകുന്നത് മാപ്പ് എന്ന് മാത്രമാണ്. ഞാൻ മറ്റൊരു രീതിയിൽ പോകേണ്ടതായിരുന്നു. ഈ വേനൽ എന്റെ ജീവിതത്തിലെ മികച്ച ക്യാമ്പുകളിലൊന്നായിരുന്നു. അതിന് നിങ്ങൾ എല്ലാവരും പങ്കുവഹിച്ചിട്ടുണ്ട്. നിങ്ങളുടെ വിജയമാണ് എന്റെ വിജയം. പരാജയമാണ് എന്റെ പരാജയം. എന്റെ പെനാൽറ്റി നന്നായിരുന്നില്ല. മാപ്പ്. എന്നാൽ ഞാൻ ആരാണ്. എവിടെ നിന്ന് വരുന്നു എന്നതിൽ ഒരിക്കലും വിഷമം തോന്നിയിട്ടില്ല. ഞാൻ മാർക്കസ് റാഷ്ഫോർഡ്. ദക്ഷിണ മാഞ്ചസ്റ്ററിലെ വിതിങ്ടണിൽ നിന്നുള്ള 23 വയസ്സുള്ള കറുത്തവൻ'. റാഷ്ഫോർഡിന്റെ വാക്കുകൾ. 

റാഷ്ഫോർഡിന്റെ കുറിപ്പ് വലിയ തരത്തിലുള്ള ചർച്ചകൾക്കാണ് ഇപ്പോൾ വഴിതെളിച്ചിരിക്കുന്നത്. താരങ്ങളെ അധിക്ഷേപിക്കുന്ന നിരവധി ട്വീറ്റുകളും കമന്റുകളും ട്വിറ്ററും ഫെയ്സ്ബുക്കും നീക്കം ചെയ്തിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മറ്റ് നേതാക്കളും താരങ്ങൾക്ക് പിന്തുണ നൽകി സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.