യൂറോ കപ്പില്‍ ആരുടെ പടയോട്ടം; ഇറ്റലിയോ ഇംഗ്ലണ്ടോ ? കട്ട വെയ്റ്റിങ്

ഇംഗ്ലണ്ടിന്റെ ലക്ഷ്യം കന്നി യൂറോ കിരീടം. ഇറ്റലിയുടെ ലക്ഷ്യം രണ്ടാം കിരീടം. ഇറ്റലി തോല്‍വിയറിയാതെ 33മല്‍സരങ്ങള്‍ പിന്നിട്ടു. ഇംഗ്ലണ്ട് കഴിഞ്ഞ 17മല്‍സരത്തില്‍ 15ലും തോറ്റട്ടില്ല. ഇരുടീമും ഇതുവരെ 27മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇറ്റലി പത്തുജയവും ഇംഗ്ലണ്ട് എട്ടുജയവും നേടി. ഹാരി കെയ്ന്‍ നയിക്കുന്ന ഇംഗ്ലണ്ടിന്റെ ആക്രമണനിരയും കില്ലനി നയിക്കുന്ന ഇറ്റലിയുടെ പ്രതിരോധവും തമ്മിലുള്ള മാറ്റുരയ്ക്കല്‍ ആകും ഫൈനല്‍.

46ാം മിനിറ്റ് മുതല്‍ 90 ാം മിനിറ്റുവരെ ശ്രദ്ധിക്കുക

യൂറോകപ്പില്‍ ഇതുവരെ പിറന്ന 140ഗോളില്‍ 77ഗോളും പിറന്നത് കളിയുടെ 46മുതല്‍ 90 മിനിറ്റ് വരെയുള്ള സമയത്താണ്. അതായത് ആകെ അടിച്ച ഗോളുകളുടെ 55 ശതമാനവും മല്‍സരത്തിന്റെ 46മിനിറ്റിന് ശേഷം പിറന്ന ഗോളുകളാണ്. അതില്‍ തന്നെ 30 ഗോളുകള്‍ വീണത് 46 മിനിറ്റിനും 60മിനിറ്റിനും ഇടയിലാണ്. ഹാരി കെയിനും റഹിം സ്റ്റെര്‍ലിങ്ങും ഹാരി മിഗ്വേറും  ഇംഗ്ലണ്ട് നിരയില്‍ സ്കോറര്‍മാരായവരിൽ മുന്നിലുണ്ട്. ഇറ്റലിക്ക് ഇമ്മൊബിലെ, ഇന്‍സിന്യ,പസിന, ലോക്കട്ടെല്ലി തുടങ്ങിയവരും ഗോളടിച്ച് മുന്നില്‍ നില്‍ക്കുന്നു. ടൂര്‍ണമെന്റിലാകെ ഇറ്റലി 12 ഗോള്‍ അടിച്ചപ്പോള്‍ ഇംഗ്ലണ്ട് പത്തുഗോളാണ് അടിച്ചത്. 

എന്നാല്‍ വഴങ്ങിയ ഗോളുകളില്‍ ഇംഗ്ലണ്ട് ഒന്നും ഇറ്റലി മൂന്നുമാണ്. ഇറ്റലിക്ക് മൂന്ന് ക്ലീന്‍ ഷീറ്റും ഇംഗ്ലണ്ടിന് അഞ്ച് ക്ലീന്‍ ഷീറ്റുമുണ്ട്. ഇറ്റലി യൂറോയില്‍ ഉടനീളം സ്ഥിരത പുലര്‍ത്തിയടീമാണ്. മധ്യനിരയും മുന്നേറ്റനിരയും പ്രതിരോധനിരയും കോര്‍ത്തിണങ്ങി ഒരു പോലെ മൈതാനത്ത് ആടിത്തീര്‍ത്ത ടീം. ഇംഗ്ലണ്ട് ആകട്ടെ ഓരോ കളി കഴിയുന്തോറും മെച്ചപ്പെട്ട ടീമാണ്. ഹാരി കെയിന്റെ ഫോമില്ലായ്മ ആദ്യമല്‍സരങ്ങളില്‍ ചര്‍ച്ചയായപ്പോള്‍ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് നാലുഗോളുകള്‍ നേടിയതോടെ കെയിനെ ചുറ്റിപ്പറ്റിയാണ് സംസാരം.  

ഇംഗ്ലണ്ട് ആക്രമണം Vs ഇറ്റലി പ്രതിരോധം

ഹാരി കെയിനെ മുന്നില്‍ നിര്‍ത്തി ഇരുപാര്‍ശ്വങ്ങളിലൂടെയും പാഞ്ഞു കയറുന്നതാണ് ഇംഗ്ലണ്ടിന്റെ പൊതുശൈലി. സ്റ്റെര്‍ലിങ്ങും സാക്കയും ഗ്രീലിഷും ഈ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നു. ഇറ്റലിയെക്കാള്‍ ക്രോസുകള്‍ പായിച്ച ടീം ഇംഗ്ലണ്ടാണ്. 88 ക്രോസുകളും 80ഫ്രീകിക്കുകളും ഇംഗ്ലണ്ടിന്റെ പേരിലുണ്ട്. ഇറ്റലി 71 ക്രോസുകളും 100ഫ്രീകിക്കുകളുമാണ് തീര്‍ത്തത്. പാസുകള്‍ കൈമാറുന്നതിലെ കൃത്യതയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. പന്ത് കൈവശം വയ്ക്കുന്നതില്‍ മുന്നില്‍ ഇംഗ്ലണ്ടാണ്. എന്നാല്‍ മാറിവരുന്ന ഫുട്ബോള്‍ ശൈലിയില്‍ പന്ത് കൈവശം വയ്ക്കുന്ന പാസുകള്‍ കൂടുതല്‍ കൈമാറുന്നതോ അല്ല പ്രായോഗിക ഫുട്ബോള്‍ ആണ് കാണുന്നത്. 

കരുതലോ നീങ്ങി, ലഭിക്കുന്ന അവസരത്തില്‍ എതിരാളിയെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന രീതി. ഇത് ഇറ്റലി സെമിയില്‍ സ്പെയിനെതിരെ ഫലപ്രദമായി വിനിയോഗിച്ചു. ഇറ്റലി ബെല്‍ജിയത്തിനെതിരെയും പ്രയോഗിച്ചു. ഹാരി കെയിനെ പൂട്ടാന്‍ ഇറ്റലിയുടെ സെന്‍ട്രല്‍ ഡ‍ിഫന്‍‍ഡര്‍മാരായ ബൊണൂച്ചിയും കില്ലിനിയും നില്‍ക്കും ഒപ്പം കെയിനിലേക്കുള്ള വിതരണം തടസപ്പെടുത്തണം അതിന് ഡി ലൊറെന്‍സോയും വെരാറ്റിയും ബാരല്ലയും നന്നായി പൊരുതേണ്ടിവരും. 

ഒപ്പം ഉയര്‍ന്നുവരുന്ന പന്തുകളില്‍ മിഗ്വേറും കെയിനും തലവയ്ക്കാതിരിക്കാനും ഇറ്റലിക്ക് ശ്രദ്ധിക്കേണ്ടിവരും. എന്നാല്‍ ജോര്‍ജിഞ്ഞോയും വെരാറ്റിയും ബാരല്ലയും ഇന്‍സിന്യയും കീയേസും ഇമ്മൊബിലെയും ഇരമ്പിക്കയറുമ്പോള്‍ മിഗ്വേറിനും വാക്കര്‍ക്കും റൈസിനും സ്റ്റോണ്‍സിനും പണികൂടും. ഇറ്റലിയുടെ വേഗത്തെ ഇംഗ്ലണ്ട് എങ്ങനെ കൈകാര്യം ചെയ്യുമെന്നും കണ്ടറിയണം. തന്ത്രങ്ങളുടെ ആശാന്മാരായ മന്‍ചീനിയും സൗത്ത്ഗേറ്റും ഒരുക്കുന്ന ടീം ഫൈനലില്‍ ഇറങ്ങുമ്പോള്‍ ഫുട്ബോളിന് അത് വിരുന്നാകും.