ആര് വീഴും, ആര് വാഴും? നാലിലൊന്നാകാന്‍ ഇറ്റലി, ബെല്‍ജിയം, സ്പെയിന്‍

ചെറുപാസുകളിലൂടെയും നീളന്‍ പാസുകളിലൂടെയും ഇരമ്പിയാര്‍ക്കുന്ന നാലു ടീമുകള്‍ യൂറോകപ്പിന്റെ നാലിലൊന്നാകന്‍ ഇറങ്ങുകയാണ്. ഒരടി തെറ്റിയാല്‍ അടിതെറ്റിവീഴുന്ന നോക്കൗട്ട് റൗണ്ട്.  ഈ  യുറോകപ്പില്‍ കൂടുതല്‍ ഗോളടിച്ച സ്പെയിനും ഗ്രൂപ്പ് പോരില്‍ ഒരുമല്‍സരം പോലും ജയിക്കാതിരുന്ന സ്വിറ്റ്സര്‍ലന്‍ഡും ലോകത്തെ ഒന്നാമന്‍ ബെല്‍ജിയവും അപരാജിത കുതിപ്പ് നടത്തുന്ന ഇറ്റലിയും ആണ് ഇന്ന് നാലിലൊന്നാകാന്‍ മൈതാനത്തേക്ക് ചുവടുവയ്ക്കുന്നത്. 

‘സ്വിസ്’നിക്ഷേപം ആര് നടത്തും?

യൂറോ കപ്പില്‍ സ്പെയിനും സ്വിറ്റ്സര്‍ലന്‍ഡും ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത്. 2010ലെ ലോകകപ്പില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ സ്പെയിന്‍ തോറ്റിരുന്നു. എന്നാല്‍ ഈ ടൂര്‍ണമെന്റിലെ ആധികാരിക പ്രകടനം സ്പെയിന്റേതാണ്. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ അഞ്ചുഗോളുകള്‍ നേടി ചരിത്രം കുറിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. ലോകചാംപ്യന്‍മാരെ അട്ടിമറിച്ചെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് ഷാക്കിരിയുടെയും ഫ്രുളെറുടെയും മികവില്‍ സ്പാനിഷ് അര്‍മാദയെ പിടിച്ചുനിര്‍ത്താമെന്നാണ് കണക്ക് കൂട്ടല്‍. പതിനൊന്ന് ഗോളടിച്ച് നില്‍ക്കുന്ന സ്പെയിന് മറുപടി സ്വിറ്റ്സര്‍ലന്‍ഡിന്റെ ഏഴുഗോളാണ്. ആക്രമണത്തിലേക്കും ഗോളിലേക്കുള്ള ഷോട്ടിലുമെല്ലാം കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത് സ്പെയിന്‍ തന്നെ. മൊറാട്ടയെയും ഫെറാന്‍ ടോറസിനെയും പൂട്ടുന്നതിനൊപ്പം ഗാര്‍ഷ്യയുടെയും ലപോര്‍ട്ടോയുടെയും വിതരണശൃംഖലയും പൊളിച്ചാലെ സ്വിസ് നിക്ഷേപം പൂര്‍ത്തിയാവൂ. സെഫ്റോവിച്ചിന്റെയും ഷാക്കിരിയുടെയും നീക്കങ്ങള്‍ തടഞ്ഞാല്‍ ഗ്രൂപ്പിലും പ്രീക്വാട്ടറിലുമായി എട്ടുഗോളുകള്‍ക്ക് സ്വന്തം വലയിലേക്ക് വാങ്ങിക്കൂട്ടിയ  സ്പെയിന് നാലിലൊന്നാകാം. എതിരാളിയെ ആക്രമിക്കാന്‍ പോകുന്ന സ്വിസ് ടീം പലപ്പോഴും സ്വന്തം കോട്ട തുറന്നിടുന്ന ശീലം മാറ്റിയില്ലെങ്കില്‍ സ്പാനിഷ് അര്‍മാദം പരകോടിയിലെത്തും. 

ചുവന്ന ചെകുത്താനെ പിടിക്കാന്‍ അസൂറിപ്പട

അപരാജിത കുതിപ്പ് തുടരുന്ന ബെല്‍ജിയവും ഇറ്റലിയും ഒന്നിനൊന്ന് മെച്ചമാണ്. ഒന്‍പത് ഗോളടിച്ച ഇറ്റലിക്ക് ബെല്‍ജിയത്തിന്റെ മറുപടി ഏഴുഗോളാണ്. ആക്രമണത്തിലും ഗോളിലേക്കുള്ള ഷോട്ടുകളിലേക്കും മുന്നില്‍ നില്‍ക്കുന്നത് അസൂറിപ്പടയാണെന്ന് കണക്ക് വ്യക്തമാക്കുമ്പോള്‍ യൂറോ കപ്പിന്റെ യോഗ്യതറൗണ്ടില്‍ ഗോളടിച്ചുകൂട്ടിയ ബെല്‍ജിയം ആ മികവിലേക്കെത്തിയിട്ടില്ല. പാസുകളുടെ വിതരണക്കാരന്‍ വിറ്റ്സലും എതിരാളിയില്‍ നിന്ന് പന്തുറാഞ്ചുന്ന വെര്‍ട്ടോഗനും കൊള്ളിയാന്‍ പോലെ പായുന്ന ലുക്കാക്കുവും ഗോളടിക്കാന്‍ പാഞ്ഞെത്തുന്ന ടോറന്‍ ഹസാര്‍ഡും കോട്ടയുടെ കാവല്‍ക്കാരന്‍ കോര്‍ട്ടിയസിന്റെ കൈകളും ചേരുന്നതോടെ ചുവന്ന ചെകുത്താന്മാര്‍ മൈതാനം നിറയും. 

എന്നാല്‍ പരുക്കേറ്റ ‍ഡിബ്രൂയനും ഏദന്‍ ഹസാര്‍ഡും കളിക്കുമോയെന്ന് ഉറപ്പില്ല, ഇവര്‍ കളിച്ചില്ലെങ്കില്‍ ചുവന്ന ചെകുത്താന്മാര്‍ക്ക് കിരീടത്തിലേക്കുള്ള പോര് എളുപ്പമാവില്ല. ചെകുത്താന്മാരെ പൂട്ടാന്‍ നില്‍ക്കുന്ന അസൂറിപ്പടയ്ക്ക് നേതൃത്വം നല്‍കുന്നത് ഇമ്മൊബിലെയും ഇന്‍സിന്യയും ആണ് ഇവരിലേക്ക് പന്തുകളുട വിതരണച്ചുമതല ഏറ്റെടുത്തിരിക്കുന്ന വെരാറ്റി, ജോര്‍ജിഞ്ഞോ, ലോക്കാട്ടെല്ലി, സ്പിനസോള എന്നിവരാണ്. മുന്നണിപ്പോരാളികളെ പൂട്ടിയാല്‍ പിന്നില്‍ നിന്ന് ആളെത്തും. ലുക്കാക്കുവിന്റെയും സംഘത്തിന്റെയും ആക്രമണ മുനയൊടിക്കാന്‍ അസേര്‍ബിയും ബൊണൂച്ചിയും ഉണ്ട് ഒപ്പം കോട്ടയുടെ കാവല്‍ക്കാരനായി ഡൊണരുമയും. ഒപ്പത്തിനൊപ്പമുള്ള പ്രകടനം നത്തുന്ന ഇറ്റലിയും ബെല്‍ജിയവും മൈതാനത്ത് ഇറങ്ങുമ്പോള്‍ നാലിലൊന്നാകുന്നത് ആരെന്ന് പറയുക അത്ര എളുപ്പമല്ല.