ശൈലി മാറ്റി തുടക്കം; ഇറ്റലിയെ പിടിച്ചുകെട്ടാന്‍ ആരുണ്ട്?

ഇറ്റാലിയന്‍ ഫുട്ബോള്‍ ഉയര്‍ത്തെഴുന്നേല്‍പിന്റെ പാതയിലാണ്. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതിരുന്ന ഇറ്റാലിയന്‍ ടീമല്ല ഇപ്പോഴത്തേത്. തോല്‍വിയറിയാതെ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇറ്റലി യൂറോ കപ്പിനെത്തിയത്. ഉദ്ഘാടന മല്‍സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ഇറ്റലി തിരിച്ചുവരവറിയിക്കുകയും ചെയ്തു.

ശൈലി മാറ്റി മുന്നേറ്റം

പ്രതിരോധത്തിലൂന്നിയുള്ള ശൈലിയായിരുന്നു മുന്‍പ് ഇറ്റലി പിന്തുടര്‍ന്നുപോന്നത്. ഇറ്റലിയുടെ പ്രതിരോധമുറകള്‍ കളി വിരസമാക്കുന്നുവെന്ന വിമര്‍ശനം കടുത്ത ആരാധകര്‍ക്കുപോലും ഉണ്ടായിരുന്നു. പരമാവധി സമയം പ്രതിരോധത്തിലൂന്നി കളിച്ച്,  കിട്ടുന്ന ഒന്നോ രണ്ടോ അവസരങ്ങളില്‍ ഗോള്‍ നേടി ജയിക്കുന്നതായിരുന്നു ഇറ്റലിയുടെ രീതി. സാധാരണ ഗതിയില്‍ ഇറ്റലിയുടെ സ്കോര്‍ബോര്‍ഡില്‍ ഒന്നോ രണ്ടോ ഗോളുകള്‍ മാത്രമേ കാണാറുള്ളു. എന്നാല്‍ കാലം മാറിയതോടെ പ്രതിരോധത്തില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ മല്‍സരം വിജയിക്കില്ല എന്ന സ്ഥിതി വന്നു. ശൈലീമാറ്റങ്ങള്‍ വിജയിക്കാതെ വന്നതോടെ ലോകകപ്പിനു യോഗ്യത നേടാന്‍ പോലും ഇറ്റലിക്ക് കഴിയാത്ത സ്ഥിതിയായി. എന്നാല്‍ മന്‍സീനി പരിശീലകനായി എത്തിയതോടെ കാര്യങ്ങള്‍ മാറി. യുവതാരങ്ങളില്‍ വിശ്വാസമര്‍പ്പിച്ച മന്‍സീനിയുടെ തന്ത്രങ്ങള്‍ വിജയിക്കുന്നതാണ് തുടര്‍ന്ന് കണ്ടത്. അതിവേഗ ആക്രമണങ്ങളുമായി എതിര്‍ ഗോള്‍മുഖം തുടരെ വിറപ്പിച്ചാണ് ഇറ്റലി കളിക്കുന്നത്. ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയപ്പോഴും പ്രതിരോധക്കോട്ടയ്ക്ക് വിള്ളല്‍ വരാതെ കാത്തതാണ് ഇറ്റലിയുടെ വിജയക്കുതിപ്പിനു പിന്നില്‍. തുര്‍ക്കിയെ വീഴ്ത്തിയപ്പോള്‍ ഇറ്റലി പൂര്‍ത്തിയാക്കിയത് തോല്‍വിയറിയാത്ത  തുടര്‍ച്ചയായ 28ാം മല്‍സരമാണ്. മാത്രമല്ല കഴിഞ്ഞ പതിമൂന്നുമല്‍സരത്തിനിടെ ഒരു മല്‍സരത്തില്‍ മാത്രമാണ് ഇറ്റലി ഗോള്‍ വഴങ്ങിയത്. പ്രതിരോധമികവിനു പേരുകേട്ട തുര്‍ക്കിയെയാണ് എതിരില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയത് എന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നു. ചരിത്രത്തില്‍ ആദ്യമായാണ് യൂറോ കപ്പില്‍ ഒരുമല്‍സരത്തില്‍ രണ്ടിലേറെ ഗോളുകള്‍ ഇറ്റലി നേടുന്നത് എന്നതും ശൈലീമാറ്റത്തിന്റെ വിജയം

ഒത്തിണക്കമുള്ള മുന്നേറ്റനിര

ഇന്‍സീന്യയും, ഇമ്മൊബീലും ബെറാഡിയും അടങ്ങുന്ന മുന്നേറ്റനിരയാണ് ഇറ്റലിയുടെ കരുത്ത്. ഇവരുടെ ഒത്തിണക്കമുള്ള മുന്നേറ്റങ്ങള്‍ ഏതു പ്രതിരോധനിരയിലും ആശയക്കുഴപ്പവും വിള്ളലും സൃഷ്ടിക്കാന്‍ പോന്നതാണ്. തുര്‍ക്കി ഗോള്‍മുഖത്തേക്ക്  24 ഷോട്ടുകളാണ് ഇറ്റാലിയന്‍ താരങ്ങള്‍ തൊടുത്തത്. ഇവയില്‍ എട്ടെണ്ണം ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളായിരുന്നു. മുന്നേറ്റനിരയ്ക്ക് തുടര്‍ച്ചയായി പന്തെത്തിച്ചും കളിനിയന്ത്രിച്ചും ഇറ്റാലിയന്‍ മധ്യനിരയും എതിരാളികള്‍ക്കുമേല്‍ ടീമിന് സമ്പൂര്‍ണ ആധിപത്യം നേടിക്കൊടുത്തു. പന്ത് കൈവശം വയ്ക്കുന്നതിലും കൃത്യസമയത്ത് പാസ് ചെയ്യുന്നതിലും ഇറ്റാലിയന്‍ മധ്യനിര പുലര്‍ത്തുന്ന മികവ് കളിയില്‍ അവര്‍ക്ക് ആധിപത്യം നല്‍കുന്നു. ഇന്നലത്തെ മല്‍സരത്തില്‍ 64 ശതമാനം ബോള്‍ പൊസഷനുമായി മികച്ച ആധിപത്യമാണ് ഇറ്റാലിയന്‍ മധ്യനിര പുലര്‍ത്തിയത്. തന്ത്രശാലിയായ ജോര്‍ജിന്യോയുടെ അളന്നുകുറിച്ച പാസുകളും മുന്നേറ്റനിരക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കുന്നു. 

പരിചയസമ്പന്നമായ പ്രതിരോധനിര

ക്യാപ്റ്റന്‍ ജോര്‍ജിയോ ചില്ലെനിയും ലിയനാര്‍ഡോ ബൊനൂച്ചിയും നയിക്കുന്ന പ്രതിരോധനിര കരുത്തുറ്റതാണ്. ഇരുവര്‍ക്കും പ്രായമായെങ്കിലും എതിര്‍ മുന്നേറ്റനിരയുടെ ആക്രമണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതില്‍ ഇരുവരുടേയും പരിചയസമ്പത്ത് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഇരുവര്‍ക്കും പിന്തുണയുമായി സ്പിനസോലയും ഫ്ലോറന്‍സിയും പ്രതിരോധത്തില്‍ അണിനിരക്കുന്നു. വിങ്ങര്‍മാരായ ഇരുവരും എതിര്‍ഗോള്‍മുഖത്തേക്ക് പന്തെത്തിക്കുന്നതിലും മികവുകാട്ടുന്നു. മികച്ച ഒത്തിണക്കവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന ഈ  ഇറ്റാലിയന്‍ പ്രതിരോധനിര ഭേദിക്കുക എതിരാളികള്‍ക്ക് എളുപ്പമാവില്ല. ഗോളിലേക്ക് ഒരുഷോട്ടുപോലും ഉതിര്‍ക്കാന്‍ തുര്‍ക്കിയെ അനുവദിച്ചില്ല എന്നതുമാത്രം മതി ഇറ്റാലിയന്‍ പ്രതിരോധനിരയുടെ കരുത്തറിയാന്‍. 

ഇനി എന്ത്?

മന്‍സീനിയുടെ തന്ത്രങ്ങള്‍ തുര്‍ക്കിയുടെ മുന്നില്‍ വിജയിച്ചതില്‍ ആരാധകര്‍ക്ക് സന്തോഷിക്കാം. എ ഗ്രൂപ്പിലെ മറ്റ് ടീമുകളായ വെയ്ല്‍സും സ്വിറ്റ്സര്‍ലന്‍ഡും ഇറ്റലിക്ക് വലിയ വെല്ലുവിളി ആയേക്കില്ല. എന്നാല്‍ ഇറ്റലിയുടെ യഥാര്‍ഥ കരുത്ത് അളക്കുക പ്രീക്വാര്‍ട്ടര്‍ മുതലുള്ള പോരാട്ടങ്ങള്‍ ആയിരിക്കും. അവിടെ മന്‍സീനിയുടെ തന്ത്രങ്ങള്‍ ഫലം കണ്ടാല്‍ ഇറ്റലി യൂറോ കപ്പ് നേടിയാലും അല്‍ഭുതപ്പെടാനില്ല.