‘പെനാല്‍ഡോ’ അല്ല റൊണാള്‍ഡോ; പോര്‍ച്ചുഗലും റൊണോയും തേരോട്ടം തുടങ്ങി

കാലുകളില്‍ വിരിയുന്നത് പ്രണയകാവ്യമല്ല, നോട്ടത്തിലോ ചലനത്തിലോ കാല്‍പനിക ഭാവമില്ല. ഉള്ളത് എതിരാളിയുടെ കഥകഴിക്കുന്ന കണിശതയാര്‍ന്ന ഷോട്ടുകളും ടീമിനെ വിജയിപ്പിക്കണമെന്ന തൃഷ്ണയും. മറ്റാര്‍ക്കുമില്ലാത്ത ഒരു തന്റേടവും വാശിയും അവനില്‍ കാണാം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നായകനാണ്, പോരാളിയാണ്, ഗോളടി വീരനാണ്. ഹംഗറിക്കെതിരായ മല്‍സരത്തില്‍ രണ്ടുഗോള്‍ നേടി ടീമിനെ 3–0ന്റെ ജയത്തിലേക്ക് നയിച്ചു.

പതിനായിരങ്ങള്‍ സാക്ഷി

ബുഡാപെസ്റ്റിലെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി, ഹംഗറിയുടെ ആരാധകരെ നിശബ്ദരാക്കി റൊണാള്‍ഡോ രണ്ടുവട്ടം ഗുലാസിയെ കാഴ്ചക്കാരനാക്കി.  പെനല്‍റ്റി നേടിയപ്പോള്‍ കൊഞ്ഞനം കുത്തിയ ഹംഗറിയുടെ ആരാധകര്‍ റൊണാള്‍ഡോയുടെ രണ്ടാം ഗോളിനുമുന്നില്‍ ശിരസ് നമിച്ചു. ഗോളവസരം നഷ്ടമാക്കിയപ്പോള്‍ കളിയാക്കിയ ഹംഗറിയുടെ ആരാധകര്‍ക്ക് മുന്നില്‍ വായുവില്‍ ഉയര്‍ന്നുപൊങ്ങി ഇതാ യൂറോപ്യന്‍ ഫുട്ബോളിന്റെ സിംഹാസനത്തില്‍ താന്‍തന്നെയിരിക്കും എന്ന സന്ദേശം നല്‍കി. ആ സന്ദേശം വ്യക്തമാണ് കളിയുടെ 89 മിനിറ്റും കല്ലേറ് കൊണ്ടാലും 90ാം മിനിറ്റില്‍ നിങ്ങള്‍ക്ക് ആ കല്ലുകളെ പുഷ്പങ്ങളാക്കാം. തിരിച്ചടികള്‍ ഉണ്ടായാലും പൊരുതാന്‍ തയാറെങ്കില്‍ നിങ്ങള്‍ക്ക് ലോകം കീഴടക്കാമെന്നാണ് ക്രിസ്ത്യാനോ റൊണാള്‍ഡ‍ോ ലോകത്തിന് പകര്‍ന്നു നല്‍കുന്ന പാഠം.

‘പെനാല്‍ഡോ’ അല്ല റൊണാള്‍ഡോ

ഹംഗറിക്കെതിരെ ഗോളടിക്കാന്‍ പോര്‍ച്ചുഗലിന് എണ്‍പത് മിനിറ്റിലേറെ കാത്തിരിക്കേണ്ടിവന്നു. റാഫ സില്‍വ പകരക്കാരനായി എത്തിയതോടെയാണ് കളിമാറിയത്. സില്‍വയുടെ നീക്കത്തില്‍ നിന്ന് റാഫേല്‍ ഗുറേറോ ആദ്യ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗല്‍ ഉണര്‍ന്നു. പിന്നാലെ സില്‍വയെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി കിറുകൃത്യമായി റൊണാള്‍ഡോ പീറ്റര്‍ ഗുലാസിയെന്ന ഭൂതത്തിന്റെ വലയിലാക്കി. സൂപ്പര്‍ സോണിക്കിന്റെ വേഗത്തിലെത്തിയ ആ ഷോട്ടില്‍ ഗുലാസിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പെനല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടിയ റൊണാള്‍ഡ‍ോയ്ക്കായി ‘പെനല്‍ഡോ’എന്ന് ട്രോള്‍ ഒരുക്കി കാത്തിരുന്നവരെ നിരാശയിലാക്കി രണ്ടാംഗോള്‍ കുറിച്ചു. അതും സില്‍വയും റൊണാള്‍ഡോയും കൈമാറിക്കളിച്ച പാസിനൊടുവില്‍ ഗുലാസിയെ കമ്പിളിപ്പിച്ചൊരു ഗോള്‍. ‘പെനല്‍ഡോ’എഴുതി കാത്തിരുന്നവര്‍ പതിയെ അത് മടക്കി, റൊണാള്‍ഡോയുടെ റെക്കോര്‍ഡുകളെ നെഞ്ചോടു ചേര്‍ത്തു.

റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

യൂറോകപ്പില്‍ തുടര്‍ച്ചയായി അഞ്ചുവട്ടം ഫൈനല്‍ റൗണ്ട് കളിക്കുന്ന താരം, തുടര്‍ച്ചയായി അഞ്ചു യൂറോ കപ്പ് ഫൈനലുകളിലും ഗോള്‍ നേടുന്ന ആദ്യതാരമായി. യൂറോകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. ഇതിഹാസതാരം മിഷേല്‍ പ്ലറ്റീനിയുടെ ഒന്‍പത് ഗോള്‍ എന്ന റെക്കോര്‍ഡാണ് 37വര്‍ഷത്തിന് ഇപ്പുറം റൊണാള്‍ഡോ തിരുത്തിയെഴുതിയത്. ഹംഗറിക്കെതിരെ നേടിയ രണ്ടുഗോളുകളോടെ യൂറോകപ്പില്‍ ഇതുവരെ 11ഗോളായി റൊണാള്‍ഡോയ്ക്ക്. രാജ്യത്തിനായി 106ഗോളുകള്‍ നേടിയ റൊണാള്‍ഡോയ്ക്ക് ഇനി മുന്നിലുള്ളത് ഇറാന്റെ അലിദായി മാത്രം. മൂന്നുഗോളുകള്‍ കൂടി നേടിയാല്‍ ഇറാന്‍ താരത്തിന് ഒപ്പമെത്താം.  ഹംഗറിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയം നേടിയ പോര്‍ച്ചുഗലിന്റെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നാണിത്. 96ല്‍ ക്രൊയേഷ്യയ്ക്കെതിരെയും 2000ല്‍ ജര്‍മനിക്കെതിരെയും പോര്‍ച്ചുഗല്‍ മൂന്നുഗോള്‍ വിജയം നേടിയിട്ടുണ്ട്.  

ജയിച്ചെങ്കിലും ഭദ്രമല്ല

ഹംഗറിക്കെതിരെ ജയിച്ചെങ്കിലും പോര്‍ച്ചുഗലിനെ ആദ്യപകുതിയില്‍ നന്നായി തളച്ചു ഹംഗറിയുടെ പ്രതിരോധനിര. ഗോള്‍കീപ്പര്‍ ഗുലാസിയുടെ മികവ് കൂടിയായപ്പോള്‍ റൊണാള്‍ഡോയ്ക്കും ബ്രൂണോ സില്‍വയ്ക്കും ജോട്ടോയ്ക്കും പിഴച്ചു. പോര്‍ച്ചുഗല്‍താരങ്ങളുടെ പാസുകള്‍ പലപ്പോഴും ലക്ഷ്യം കാണാതെ ഹംഗറിയുടെ താരങ്ങളുടെ കാലുകളിലെത്തി. ഫിനീഷിങ്ങിലെയും പാസിലെ പിഴവുകള്‍ തീര്‍ത്താലെ ഫ്രാന്‍സിനെതിരെയും ജര്‍മനിക്കെതിരെയും പിടിച്ചുനില്‍ക്കാനാവൂ.