സഞ്ജുവും പന്തും നാളെ നേര്‍ക്കുനേർ; ഉറ്റുനോക്കി ആരാധകർ

ഐപിഎല്ലില്‍ നാളെ സഞ്ജു സാംസണും ഋഷഭ് പന്തും നേര്‍ക്കുനേര്‍. രണ്ടാം ജയമാണ് ഋഷഭ് പന്തിന്റ ഡല്‍ഹി ക്യാപിറ്റല്‍സ് ലക്ഷ്യമിടുന്നത്. ആദ്യമല്‍സരത്തില്‍ രാജസ്ഥാന്‍ പഞ്ചാബ് കിങ്സിനോട് പരാജയപ്പെട്ടിരുന്നു.  കഗിസോ റബാഡയും നോര്‍ക്ക്യയും ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലേയ്ക്ക് മടങ്ങിയെത്തിയേക്കും. 

സഞ്ജു സാംസണ്‍ സെഞ്ചുറിയടിച്ചിട്ടും തലനാരിഴയ്ക്ക് തോറ്റ മല്‍സരത്തിന്റെ ഓര്‍മകള്‍ മറന്നുവേണം രാജസ്ഥാന്‍ റോയല്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങാന്‍. ബെന്‍ സ്റ്റോക്സ് കൂടി പുറത്തുപോയതോടെ ലിയാം ലിവിങ്സ്റ്റോണായിരിക്കും പകരമെത്തുക. ലിവങ്സറ്റോണിന്റെ മികവിലാണ് ബിഗ് ബാഷില്‍ പെര്‍ത് സ്ക്രോച്ചേഴ്സ്  രണ്ടുമാസം മുമ്പ് ഫൈനലിലെത്തിയത്. സഞ്ജുവിന് പിന്തുണകൊടുക്കാന്‍ ബട്ലര്‍, ഡ്യൂബെ, പരാഗ്, തെവാത്യ എന്നിവരില്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ മാത്രമേ കരുത്തുറ്റ ഡല്‍ഹി പേസ് നിരയ്ക്കെതിരെ രാജസ്ഥാന് പിടിച്ചുനില്‍ക്കാനാകൂ. 

പുതിയ ക്യാപ്റ്റന്‍ ഋഷഭ് പന്തിനുകീഴില്‍ ജയിച്ചുതുടങ്ങിയ ‍ഡല്‍ഹി ക്യാപിറ്റല്‍സിന് കൂടുതല്‍ കരുത്ത് പകരും ക്വാറന്റീന്‍ പൂര്‍ത്തിയാക്കി എത്തുന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ റബാഡയുടെയും നേര്‍ക്യയുടെയും വരവ്. ബാറ്റിങ്ങില്‍ ക്യാപ്റ്റല്‍സിന് ആശങ്കപ്പെടാനൊന്നുമില്ല. ആദ്യമല്‍സരത്തില്‍ ശിഖര്‍ ധവാനും പൃഥ്വി ഷായും അര്‍ധസെഞ്ചുറി നേടിയിരുന്നു.