ഫോളോഓണ്‍ ഒഴിവാക്കാന്‍ പൊരുതി ഇന്ത്യ; ഋഷഭിന് 9 റണ്‍സകലെ സെഞ്ചുറി നഷ്ടം

 ചെന്നൈ ടെസറ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ടിന്റെ 578 റണ്‍സ് ഒന്നാം ഇന്നിങ്സ് സ്കോര്‍ പിന്തുടരുന്ന ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന മൂന്നാം ദിനം അവസാനിപ്പിച്ചു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 122 റണ്‍സുകൂടി വേണം. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയെ കരകയറ്റിയ ഋഷഭ് പന്തിന് ഒന്‍പത് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി.  

ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്ത പിച്ചില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞു. 73 റണ്‍സെടുക്കുന്നതിനിടെ കോലിയും രോഹിതും ഗില്ലും രഹാനയും മടങ്ങി. 

ഋഷഭ് പന്ത് എത്തിയതോടെ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. 40 പന്തില്‍ അര്‍ധസെഞ്ചുറി. ജാക്ക് ലീച്ചായിരുന്നു പന്തിന്റെ ഇര.  ലീഷിനെതിരെ അഞ്ചു സിക്സര്‍. 88 പന്തില്‍ 91 റണ്‍സുമായി ഡൊം ബെസ്സിന്റെ പന്തില്‍ ഋഷഭ് പന്ത് ലീച്ചിന്റെ കൈകളിലൊതുങ്ങി. 

ചേതേശ്വര്‍ പൂജാര 73 റണ്‍സെടുത്ത് പുറത്തായി. പന്ത് പൂജാര കൂട്ടുകെട്ട് 119 റണ്‍സെടുത്തു. ഡൊം ബെസ്സ് കോലിയുടെതടക്കം നാലുവിക്കറ്റുകള്‍ വീഴ്ത്തി.  വാഷിങ്ടണ്‍ സുന്ദര്‍ – അശ്വിന്‍ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് പൊരുതിക്കളിക്കുമെന്ന് പ്രതീക്ഷയില്‍ നിര്‍ണായകമായ നാലാം ദിനത്തിലേയ്ക്ക് കാത്തിരിപ്പ് .