ഐഎസ്എലിലേക്ക് ഈസ്റ്റ് ബംഗാളും; ഒരു ടീമിനെ കൂടി ഉൾപ്പെടുത്താൻ തീരുമാനം

മോഹന്‍ ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാളിനും ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിലേക്ക് വഴി തുറക്കുന്നു. ഐഎസ്എല്‍ ഏഴാം സീസണില്‍ ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ സംഘാടകരായ FSDL തീരുമാനിച്ചു. കൊല്‍ക്കത്തയടക്കം ആറു നഗരങ്ങളില്‍ നിന്നാണ് താല്‍പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഏഴാം സീസണ്‍ ആരംഭിക്കാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേയാണ് ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താനുള്ള FSDLന്‍റെ തീരുമാനം. ഈസ്റ്റ് ബംഗാളിനെ മനസില്‍ കണ്ടാണ് ഇന്ത്യന്‍ സൂപ്പര്‍ലീഗ് സംഘാടകര്‍ പുതിയ ടീമിനായി താല്‍പര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്ന് വ്യക്തം. ഡല്‍ഹി, ലുധിയാന, അഹമ്മദാബാദ്, ഭോപ്പാല്‍, കൊല്‍ക്കൊത്ത, സിലിഗുരി എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടീമുകള്‍ക്കാണ് അപേക്ഷിക്കാന് അവസരം. ഈ മാസം പതിനാലിനകം താല്‍പര്യപത്രം സമര്‍പ്പിക്കണമെന്നാണ് FSDL നിര്‍ദേശിച്ചിരിക്കുന്നത്. ഈ വര്‍ഷം ഐഎസ്എല്ലില്‍ പുതിയ ടീമുകളെ ഉള്‍പ്പെടുത്തേണ്ടെന്ന നിലപാടിലായിരുന്നു സംഘാടകരായ FSDL. എന്നാല്‍ കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി FSDLമായി നടത്തിയ ചര്‍ച്ചകളിലാണ് ഈസ്റ്റ് ബംഗാളിന് അനുകൂലമായ തരത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത്. 

പ്രമുഖ സിമന്‍റ് നിര്‍മാതാക്കളായ ശ്രീ സിമന്‍റസ് ഈസ്റ്റ് ബംഗാളില്‍ നിക്ഷേപം നടത്തിയിട്ടുമുണ്ട്. ഐഎസ്എല്‍ ലക്ഷ്യമിട്ട് ഈ സീസണില്‍ മികച്ച സൈനിങ്ങുകളും ഈസ്റ്റ് ബംഗാള്‍ നടത്തിയിരുന്നു. മറ്റു നഗരങ്ങളില്‍ നിന്ന് താല്‍പര്യപത്രം ഉണ്ടായാലും ഈസ്റ്റ് ബംഗാള്‍ തന്നെ ഐഎസ്എല്ലിനെ പതിനൊന്നാമത്തെ ടീം ആകാനാണ് സാധ്യതകള്‍. ഈസ്റ്റ് ബംഗാളിന്‍റെ പരമ്പരാഗത വൈരികളായ മോഹന്‍ ബഗാന്‍ എടികെയുമായി ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരില്‍ ഐഎസ്എല്ലില്‍ ഇടം നേടിയിരുന്നു