ധോണി ക്രിക്കറ്റിലെ സന്യാസി; വിജയ പരാജയങ്ങൾ അലട്ടാറില്ല; വാഴ്ത്തി ശ്രീനാഥ്

മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്റിലെ സന്യാസിയായിരുന്നുവെന്ന്  ജവഗൽ ശ്രീനാഥ്. വിജയം ധോണിയെ മത്ത് പിടിപ്പിച്ചില്ലെന്നും തോൽവി ഉലച്ച് കളഞ്ഞില്ലെന്നും ഇതിഹാസതാരം തുറന്ന് പറയുന്നു. രവിചന്ദ്രൻ അശ്വിനുമായുള്ള സംഭാഷണത്തിനിടെയാണ് ശ്രീനാഥ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 

2003ല്‍ കെനിയയിൽ വച്ച് നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിനിടെയാണ് ധോണിയുമായി ആദ്യ കൂടിക്കാഴ്ചയെന്നും ശ്രീനാഥ് ഓർത്തെടുക്കുന്നു. അന്ന് മിന്നുന്ന പ്രകടനം പുറത്തെടുത്ത ധോണിയെ കാണാൻ കളി കഴിഞ്ഞതും താൻ ഓടി ഡ്രസിങ് റൂമിലെത്തിയെന്നും കടുത്ത ആരാധന തുറന്ന് പറഞ്ഞ ശേഷം എത്രയും വേഗം ടീം ഇന്ത്യയിൽ കാണാമെന്ന് ആശംസിച്ചതായും ശ്രീനാഥ് വെളിപ്പെടുത്തുന്നു. ഐസിസിയുടെ മാച്ച് റഫറിയാണ് നിലവിൽ ശ്രീനാഥ്.

കളിക്കുന്നതാണ് ധോണിയെ സംബന്ധിച്ച് ഏറ്റവും പ്രധാനകാര്യം. ഫലം എന്ത് തന്നെ ആയാലും അത് അലട്ടിക്കാണാറില്ല. ഓരോ വിജയത്തിലും കപ്പ് ഉയർത്തിയതിന് ശേഷം അടുത്തുള്ള ആളെ ഏൽപ്പിച്ച് ധോണി മടങ്ങും. ടീം സമ്മർദ്ദത്തിലാകുമ്പോൾ പോലും ധോണി കൂളാണ്. കളിക്കളത്തിലെ സന്യാസിയോട് തനിക്കെന്നും ബഹുമാനമാണെന്നും ജവഗൽ ശ്രീനാഥ് കൂട്ടിച്ചേർക്കുന്നു.