സമി പറഞ്ഞത് സത്യം?; ‘അധിക്ഷേപിച്ചവരിൽ ഒരാൾ ഇഷാന്ത് ശർമ’

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കുന്ന കാലത്ത് സഹതാരങ്ങളും വംശീയാധിക്ഷേപം നടത്തിയെന്ന ‍ഡാരൻ സമിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നതിനിടെ, സമിയെ ‘കാലു’ എന്നു വിളിച്ച താരങ്ങളെ തിരഞ്ഞ് ആരാധകർ. 2013–2014 കാലഘട്ടത്തിൽ സമിക്കൊപ്പം കളിച്ചിരുന്ന താരങ്ങളുടെ ചരിത്രം ചികഞ്ഞ ആരാധകർ, അവരിലൊരാൾ സമിയെ ‘കാലു’ എന്ന് വിശേഷിപ്പിച്ചത് പോസ്റ്റിട്ടതും കണ്ടെത്തി. മുൻ ഇന്ത്യൻ പേസ് ബോളർ ഇഷാന്ത് ശർമയാണ് ആരാധകരുടെ ‘റഡാറി’ൽ കുരുങ്ങിയത്. ഇതോടെ, സഹതാരങ്ങളും തന്നെ കാലു എന്നു വിളിച്ചിരുന്നുവെന്ന സമിയുടെ ആരോപണം സത്യമാണെന്ന് വ്യക്തമായി.

ഇഷാന്ത് ശർമ അക്കാലത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രത്തിലാണ് ഡാരൻ സമിയെ ‘കാലു’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അക്കാലത്ത് സൺറൈസേഴ്സ് താരങ്ങളായിരുന്ന ഭുവനേശ്വർ കമാർ, ഡാരൻ സമി, ഡെയ്ൽ സ്റ്റെയ്ൻ എന്നിവർക്കൊപ്പം പകർത്തിയ ചിത്രം പങ്കുവച്ച് ഇഷാന്ത് കുറിച്ച വാക്കുകളിങ്ങനെ:

‘ഞാൻ, ഭുവി, കാലു, ഗൺ സൺറൈസേഴ്സ്’ – ചിത്രത്തിലെ ഓരോരുത്തരുടെയും സ്ഥാനമനുസരിച്ച് സമിയെയാണ് ഇഷാന്ത് ‘കാലു’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തം.

ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി.എസ്.ലക്ഷ്മണിന് ജൻമദിനാശംസകൾ നേർന്ന് 2013–14 കാലഘട്ടത്തിൽ സമി നടത്തിയ ഒരു ട്വീറ്റും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അക്കാലത്ത് ഇരുവരും ഒരുമിച്ചാണ് കളിച്ചിരുന്നത്. ട്വീറ്റിൽ ‘ഡാർക് കാലു’ എന്ന വാക്ക് സമി ഉപയോഗിച്ചിട്ടുണ്ട്. ഇത് ലക്ഷ്മൺ അദ്ദേഹത്തെ വിളിച്ചിരുന്ന പേരാണെന്നാണ് ചില ആരാധകരുടെ ‘കണ്ടെത്തൽ’.

നേരത്തെ, സൺറൈസേഴ്സിൽ ഒരുമിച്ചു കളിച്ചിരുന്ന താരങ്ങളിൽ തന്നെ ‘കാലു’ എന്ന് വിളിച്ച് അധിക്ഷേപിച്ചവർ നേരിട്ട് വിളിച്ച് സ്വന്തം ഭാഗം വിശദീകരിക്കണമെന്ന് സമി ആവശ്യപ്പെട്ടിരുന്നു. ആരൊക്കെയാണ് തന്നെ ആ പേരിൽ വിളിച്ചതെന്ന് വിളിച്ചവർക്കറിയാം. അവർ നേരിട്ട് വിളിച്ച് എന്തർഥത്തിലാണ് അങ്ങനെ വിളിച്ചതെന്ന് വ്യക്തമാക്കണം. മോശം അർഥത്തിലാണെങ്കിൽ അതെന്നെ തീർച്ചയായും വേദനിപ്പിക്കും. ഒപ്പം കളിച്ചിരുന്നവരെ സഹോദരങ്ങളെപ്പോലെ കരുതിയ തന്നോട് അവർ മാപ്പു പറയേണ്ടിവരും. അങ്ങനെയല്ല, കാലുവിന് സ്നേഹത്തോടെ വിളിക്കുന്ന മറ്റൊരു അർഥമുണ്ടെങ്കിൽ അതു പറയണം. വിളിച്ച് വിശദീകരിച്ചില്ലെങ്കിൽ അധിക്ഷേപിച്ചവരുടെ പേരു പുറത്തുവിടുമെന്നും സമി വ്യക്തമാക്കിയിരുന്നു.