‘കാര്യങ്ങൾ വഷളാക്കിയത് റൊണാൾഡോ; ഇപ്പോൾ ഫോട്ടോയെടുപ്പും’; വിമർശനം

കൊറോണ വൈറസ് വ്യാപനത്തിനിടെ ക്രിസ്റ്റ്യാനൊ റൊണാൾഡോയെ നാട്ടിലേക്കു മടങ്ങാൻ അനുവദിച്ചതാണ് യുവെന്റസിൽ കാര്യങ്ങൾ വഷളാക്കിയതെന്ന വിമർശനവുമായി മുൻ പ്രസിഡന്റ് ജൊവാനി കൊബോലി ജിഗ്‌ലി. ഒരു കാരണവശാലും റൊണാൾഡോയെ നാട്ടിലേക്കു മടങ്ങാൻ അനുവദിക്കരുതായിരുന്നു. റൊണാൾഡോ പോയതോടെയാണ് മറ്റു താരങ്ങളും ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ച് നാട്ടിലേക്കു മടങ്ങിയത്. രോഗബാധിതയായ അമ്മയെ കാണാനെന്നു പറഞ്ഞുപോയ റൊണാൾഡോയ്ക്ക്, നീന്തൽക്കുളത്തിനു സമീപത്തുനിന്ന് ഫോട്ടോയെടുക്കാൻ മാത്രമേ ഇപ്പോൾ സമയമുള്ളൂവെന്നും ജിഗ്‍ലി വിമർശിച്ചു.

ഇറ്റലിയിൽ കൊറോണ വൈറസ് വ്യാപിച്ചു തുടങ്ങിയ സമയത്താണ് പക്ഷാഘാതം വന്നു കിടപ്പിലായ അമ്മയെ കാണുന്നതിനായി റൊണാൾഡോ സ്വദേശമായ പോർച്ചുഗലിലേക്കു പോയത്. ഇതിനിടെ യുവെന്റസ് താരം ഡാനിയേൽ റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സഹതാരങ്ങളെയെല്ലാം ക്വാറന്റീനിലേക്കു മാറ്റിയിരുന്നു. പിന്നാലെ യുവെ താരങ്ങളായ ബ്ലെയ്സ് മറ്റ്യുഡി, പൗലോ ഡിബാല എന്നിവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ കാര്യങ്ങൾ വഷളായതോടെ റൊണാൾഡോ നാട്ടിൽത്തന്നെ ക്വാറന്റീനിൽ തുടരുകയായിരുന്നു.

മുതിർന്ന താരങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയതോടെ ക്ലബ് ഒരു മൂലയിലൊതുങ്ങിയെന്നും ജി‍ഗ്‌ലി ആരോപിച്ചു. വൈറസ് വ്യാപനം നിയന്ത്രണത്തിലാകുകയും നിർത്തിവച്ചിരിക്കുന്ന സെരി എ ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ പുനഃരാരംഭിക്കുകയും ചെയ്താലും ഇപ്പോഴത്തെ സാഹചര്യത്തിൽ തിരികെ ‘ട്രാക്കിലെത്താൻ’ യുവെന്റസ് ബുദ്ധിമുട്ടുമെന്ന് ജിഗ്‍ലി മുന്നറിയിപ്പു നൽകി.