കോലിക്ക് പ്രായത്തിന്റെ പ്രശ്നങ്ങൾ തുടങ്ങി; എന്തു ചെയ്യണം?; ഉപദേശവുമായി കപിൽദേവ്

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ന്യൂസീലൻഡ് പര്യടനത്തിലെ ദയനീയ പരാജയത്തിനു ശേഷമാണ് കപിലിന്റെ തുറന്നുപറച്ചിൽ കോലിക്ക്‘പ്രായം കൂടുന്നതിന്റെ പ്രശ്നങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നും പഴയ മികവു നിലനിർത്താൻ കൂടുതൽ പരിശീലനം ആവശ്യമാണെന്നും കപിൽ ദേവ് പറഞ്ഞു. കോലി മുപ്പതുകളിലേക്ക് പ്രവേശിച്ചു. പ്രതികരണ സമയത്തിലും (Reflex) കണ്ണും കയ്യും തമ്മിലുള്ള ചേർച്ചയിലും (Hand - Eye Coordination) കാര്യമായ കുറവ് സംഭവിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ കൂടുതൽ പരിശീലിക്കുക മാത്രമാണ് വഴിയെന്നും കപിൽ അഭിപ്രായപ്പെട്ടു.

''ഒരു പ്രത്യേക പ്രായത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ, അതായത് 30 കടന്നാൽ ഒരാളുടെ കാഴ്ചശക്തി കുറഞ്ഞു തുടങ്ങും. ഇൻസ്വിങ്ങറുകൾ ഫ്ലിക് ഷോട്ടിലൂടെ ബൗണ്ടറി കടത്തുന്നതായിരുന്നു ഇതുവരെ കോലിയുടെ പ്രധാന കരുത്ത്. ന്യൂസീലൻഡിൽ അതേ ഷോട്ട് കളിക്കാൻ ശ്രമിച്ച് കോലി രണ്ടു തവണ പുറത്തായി. അതുകൊണ്ട് കാഴ്ചയുടെ കാര്യത്തിൽ കോലി കാര്യമായി എന്തെങ്കിലും ചെയ്യേണ്ട സമയമ. പ്രമുഖ താരങ്ങൾ തുടർച്ചയായി ബൗൾഡാവുകയോ എൽബിയിൽ കുരുങ്ങുകയോ ചെയ്യുമ്പോൾ അവരോടു കൂടുതൽ പരിശീലിക്കാൻ നിർദ്ദേശിക്കുകയാണ് ചെയ്യേണ്ടത്. മുപ്പതുകളിലേക്കു കടക്കുമ്പോൾ ഒരാളുടെ കാഴ്ചയും റിഫ്ലക്സും കാര്യമായി കുറയും. അതുവരെ നിങ്ങളുടെ കരുത്തായിരുന്ന ഘടകങ്ങൾ ഒറ്റയടിക്ക് ദൗർബല്യങ്ങളായി മാറും. 18 മുതൽ 24 വയസ്സുവരെ കാഴ്ചശക്തി അതിന്റെ പാരമ്യത്തിലായിരിക്കും. അതിനുശേഷം നിങ്ങൾ അക്കാര്യത്തിൽ പുലർത്തുന്ന ശ്രദ്ധയും കരുതലും പ്രധാനമാണ്''– കപിൽ കൂട്ടിച്ചേർത്തു. 

വീരേന്ദർ സേവാഗും രാഹുൽ ദ്രാവിഡും വിവിയൻ റിച്ചാർഡ്സും ഉൾപ്പെടെയുള്ള താരങ്ങളെല്ലാം സമാനമായ പ്രശ്നങ്ങൾ നേരിട്ടിരുന്നതായും കപിൽ ദേവ് ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ മനസ്സിൽവച്ച് കോലി കൂടുതൽ പരിശീലിക്കണം. കാഴ്ചശക്തി കുറയുമ്പോൾ സാങ്കേതിക മികവിൽ കൂടുതൽ ശ്രദ്ധവയ്ക്കണം. നേരത്തെ അതിവേഗത്തിൽ പ്രതികരിച്ച പന്തുകളോട് ഇപ്പോൾ കുറച്ചുകൂടി പതുക്കെ മാത്രമേ പ്രതികരിക്കാനാകൂ എന്നും കപിൽപറഞ്ഞു.

മാർച്ച് 29ന് ആരംഭിക്കുന്ന ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിലൂടെ ട്രാക്കിലാകാവുന്നതേയുള്ളൂവെന്നും മഹാനായ ക്രിക്കറ്റ് താരമാണ് കോലിയെന്നും കപിൽദേവ് കൂട്ടിച്ചേർത്തു.