പരുക്കേറ്റവരുടെ നീണ്ട നിര; കളത്തിലിറങ്ങുന്നത് തളർന്ന രണ്ട് ടീമുകൾ

പരുക്കേറ്റ് തളര്‍ന്നിരിക്കുന്ന രണ്ടുടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത് . ക്യാപ്റ്റന്‍ ബര്‍ത്തലോമിയ ഒഗ്ബച്ചേ മുതല്‍ കൗമാരതാരം കെപി രാഹുല്‍ വരെ നീളുന്നു ബ്ലാസ്റ്റേഴ്സില്‍ പരുക്കേറ്റവരുടെ നിര. 

മാരിയോ അര്‍ക്വസിന്റെ  തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പക്ഷേ അര്‍ക്വസ് കളിക്കുമോ എന്ന് പരിശീലകന് പോലും ഉറപ്പിച്ച് പറയാനാകുന്നില്ല. ക്യാപ്റ്റന്‍ ഒഗ്ബച്ചേയുടെയും കെപി രാഹുലിന്റെയും കാര്യവും സംശയത്തിലാണ്. സൂയ്്്വെര്‍ലൂണ്‍, മുസ്തഫ ഞിങ്, ലാല്‍റുവാത്താര എന്നിവര്‍ കളിക്കില്ലെന്ന് ഉറപ്പ്. 

പ്രതിരോധനിരയുടെ പരിചയക്കുറവ് മുതലെടുത്താണ് എതിരാളികള്‍ ബ്ലാസ്റ്റേഴ്സിനെതിരെ അവസാന നിമിഷം ഗോള്‍ നേടുന്നത്. മുന്‍നിരതാരങ്ങളുടെ അഭാവത്തില്‍ കളത്തില്‍ മാറ്റമുണ്ടാക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് കഴിയണമെന്നാണ് ബ്ലാസ്റ്റേഴ് പരിശീലകന്‍ എല്‍കോ ഷാട്ടോരി പറയുന്നത് .  

സെര്‍ജിയോ കാസ്റ്റല്‍, പിറ്റി, അക്കോസ്റ്റ എന്നവിരാണ് ജംഷഡ്പൂര്‍ നിരയില്‍ പരുക്കേറ്റിരിക്കുന്നത്.  മധ്യനിരയില്‍ കളിമെനയുന്ന പിറ്റിയും കളിക്കില്ലെന്ന് ഉറപ്പായതോടെ ജംഷഡ്പൂരിന്റെ ആക്രമണത്തിന് മൂര്‍ച്ച കുറയും .അഞ്ചുഗോളുകളുമായി ഗോള്‍നേട്ടക്കാരുടെ പട്ടികയില്‍ രണ്ടാംസ്ഥനത്താണ് സെര്‍ജിയോ കാസ്റ്റല്‍ . പിറ്റിയുടെ നീക്കങ്ങള്‍ ഗോളിലേയ്ക്കെത്തിക്കുന്ന കസ്റ്റല്‍ കൂടി ഇല്ലാതെയിറങ്ങുന്ന ജംഷഡ്പൂരിനെ പിടിച്ചുകെട്ടാന്‍ പ്രയാസമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്.