ഫൗളിന് പിന്നാലെ കൂട്ടിയിടി; എവര്‍ട്ടന്‍ താരത്തിന്റെ കാലൊടിഞ്ഞു; കളത്തിലെ കണ്ണീര്‍ ദിനം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ എവര്‍ട്ടന്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഗോമസിനേറ്റ ഗുരുതര പരുക്കാണ് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം. ഞായറാഴ്ച ടോട്ടനം ഹോട്സ്പറിനെതിരെ നടന്ന മത്സരത്തിലാണ് ആന്ദ്രെ ഗോമസിന് പരുക്കേറ്റത്. കണങ്കാലിന് ഗുരുതരമായി പരുക്കേറ്റതോടെ ഗോമസിന് കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. 

ടോട്ടനത്തിന്റെ സ്ട്രൈക്കര്‍ സണ്‍ ഹ്യൂങ് മിന്നാണ് ഗോമസിനെ ഫൗള്‍ ചെയ്തത്. പിന്നാലെ ടോട്ടനം താരം സെര്‍ജ് ഓരിയറുമായി കൂട്ടിയിടിച്ച് ഗോമസിന്റെ കാല്‍ ഒടിഞ്ഞു. ഇത് കണ്ടതോടെ ഫൗള്‍ ചെയ്ത സണ്‍ ഹ്യുംഗ് മിന്‍ മുഖം പൊത്തിക്കരയുന്ന കാഴ്ച ഫുട്ബോള്‍ ആരാധകരെ കണ്ണീരിലാഴ്ത്തി. മിന്നിട് പിന്നീട് ചുവപ്പുകാര്‍ഡ് ലഭിച്ചു. 

സ്ട്രെച്ചറിലാണ് ഗോമസിനെ ആശുപത്രിയിലേക്ക് മാറ്റിയത്.  26 കാരനായ ആന്ദ്രെ ഗോമസ് ബാഴ്സലോണയുടെ മുൻ താരം കൂടിയാണ്. വലതുകാലിനു പരുക്കേറ്റ ഗോമസിന് തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തുമെന്ന് എവർട്ടൻ മാനേജ്മെന്റ് അറിയിച്ചു. ഗോമസിന്റെ കണങ്കാൽ ഒടിഞ്ഞ്, സ്ഥാനം തെറ്റിയ അവസ്ഥയിലാണെന്നാണു പരിശോധനയ്ക്കുശേഷം ഡോക്ടർമാർ വ്യക്തമാക്കിയത്. ഗോമസിന്റെ പരുക്കിൽ ഏറെ സങ്കടമുണ്ടെന്നു ടോട്ടനം മാനേജർ മൗറീഷ്യോ പൊച്ചെറ്റിനോ പ്രതികരിച്ചു.