ഐഎസ്എൽ ആറാം സീസണിന് ഒരാഴ്ച; കഠിന പരിശീലനത്തിൽ ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാം പതിപ്പിന് കൊടി ഉയരാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ കഠിന പരിശീലനത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ആക്രമണ ഫുട്ബോളിന്‍റെ ആശാനായ കോച്ച് എല്‍ക്കോ ഷട്ടോറിയുടെ തന്ത്രങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മികവ് തെളിയിച്ച വിദേശതാരങ്ങളെ ടീമിലെടുത്തത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമെന്ന് എല്‍ക്കോ ഷാട്ടോറി മനോരമ ന്യൂസിനോട് പറഞ്ഞു.

ബ്ലാസ്റ്റേഴ്സും ആരാധകരും കാത്ത് കാത്തിരിക്കുന്ന ഐഎസ്എല്‍ കിരീടം കൈപ്പിടിയിലൊതുക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് എല്‍ക്കോ ഷാട്ടോറി. കഴിഞ്ഞ തവണ അപ്രതീക്ഷിത കുതിപ്പിലൂടെ നോര്‍ത്ത് ഈസ്റ്റിനെ സെമിയിലെത്തിച്ച ഷാട്ടോറി ആ മികവ് ഇവിടെയും ആവര്‍ത്തിക്കാമെന്ന കണക്കു കൂട്ടലിലാണ്. അഞ്ചാം സീസണില്‍ മികവു തെളിയിച്ച വിദേശ താരങ്ങളെ ടീമിലെത്തിച്ചത് ഇത്തവണ നിര്‍ണായകമാകുമെന്ന് കോച്ച് വിലയിരുത്തുന്നു.

എന്നാല്‍ പ്രമുഖ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലാണെന്നുള്ളത് കോച്ചിന് തലവേദനയാണ്. എന്തായാലും ആരാധകര്‍ക്ക് ഇക്കുറി നിരാശപ്പെടേണ്ടി വരില്ലെന്ന് കോച്ചിന്‍റെ ഉറപ്പ്. അടുത്ത ഞായറാഴ്ച കൊച്ചിയില്‍ ഉദ്ഘാടന മല്‍സരത്തില്‍ എടികെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍.