'ദൈവം രക്ഷിക്കട്ടെ'; ദ്രാവിഡിനെതിരായ നടപടിയിൽ തുറന്നടിച്ച് ഗാംഗുലി, പിന്തുണച്ച് ഹർഭജൻ

രാഹുൽ ദ്രാവിഡിന് കാരണം കാണിക്കൽ നോട്ടീസയച്ച ബിസിസിഐ നടപടിക്കെതിരെ തുറന്നടിച്ച് സൗരവ് ഗാംഗുലി. വാർത്തകളിൽ നിറഞ്ഞ് നിൽക്കാൻ ചിലർ നടത്തുന്ന നാടകമാണിത്. പുതിയ ട്രെൻഡായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ദ്രാവിഡിനെ പോലുള്ള ഒരാൾക്ക് ബിസിസിഐയുടെ എത്തിക്സ് ഓഫീസർ ഇത്തരത്തിലുള്ള വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ദൈവം രക്ഷിക്കട്ടെ ഇന്ത്യൻ ക്രിക്കറ്റിനെ എന്നേ പറയാനുള്ളൂവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ദ്രാവിഡ് ഇരട്ടപദവി വഹിക്കുന്നുവെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗമായ സഞ്ജയ് ഗുപ്തയുടെ ആരോപണത്തിലാണ് ബോർഡ് വിശദീകരണം തേടിയത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായ ദ്രാവിഡ് ഇന്ത്യാ സിമന്റ്സ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡൻറ് സ്ഥാനവും വഹിക്കുന്നുവെന്നാണ് ഗുപ്തയുടെ ആരോപണം.ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമകളാണ് ഇന്ത്യാ സിമന്റ്സ്. ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ശരിയല്ലെന്നാണ് ആരോപണം ഉയർത്തിയിരിക്കുന്നത്.

നേരത്തെ വിവിഎസ് ലക്ഷ്മണിനെതിരെയും സച്ചിനെതിരെയും ഗുപ്ത സമാന പരാതികൾ നൽകിയിരുന്നു. എന്നാൽ ഉപദേശക സമിതി അംഗങ്ങൾ മാത്രമാണെന്നും മറിച്ച് തെളിയിച്ചാൽ ക്രിക്കറ്റ് അക്കാദമി അംഗത്വം രാജിവയ്ക്കാമെന്നും ഇരുവരും വ്യക്തമാക്കിയതോടെ പരാതി തള്ളിപ്പോവുകയായിരുന്നു. 

ദ്രാവിഡിനെതിരായ നടപടി അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹർഭജൻ സിങും ട്വീറ്റ് ചെയ്തു. ഗാംഗുലിയുടെ ട്വീറ്റ് പങ്കുവച്ചായിരുന്നു ഹർഭജനും ബോർഡിനെതിരെ തിരിഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹത്തെക്കാൾ നല്ലൊരു വ്യക്തിയെ കണ്ടെത്താൻ സാധിക്കില്ല. മുന്നോട്ടുള്ള യാത്രയിൽഅദ്ദേഹത്തിന്റെ സേവനം അത്യാവശ്യവുമാണ്. ദാദ പറഞ്ഞതു പോലെ ദൈവം രക്ഷിക്കട്ടെ ഇന്ത്യൻ ക്രിക്കറ്റിനെയെന്നാണ് ഭാജിയും കുറിച്ചത്.