പൃഥ്വി ഷായ്ക്ക് കുരുക്കിട്ടതോ? ബിസിസിഐയുടെ ‘ഉത്തേജക’ പരിശോധന; വിവാദം

നിരോധിക്കപ്പെട്ട ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് സസ്പെന്‍ഷനിലാണ് ഇന്ത്യയുടെ യുവതാരം പൃഥ്വി ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇടം ലഭിക്കുമെന്നിരിക്കെയാണ് നടപടി. കായിക താരങ്ങള്‍ ഉത്തേജകമരുന്ന് പരിശോധന നടത്തുന്നത് ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയോ അല്ലെങ്കില്‍ ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയോ ആണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അല്ല ഉത്തേജക മരുന്ന് പരിശോധന നടത്തേണ്ടതെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കുന്നു. 

എന്താണ് ബിസിസിഐ കാട്ടിക്കൂട്ടിയത്?

ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയുമായി (വാഡ)കരാര്‍ ഒപ്പിടണമെന്നും കളിക്കാര്‍ക്ക് ഉത്തേജക മരുന്ന് പരിശോധന നടത്തണമെന്നും ബിസിസിഐയോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ വാഡയുമായിട്ടോ നാഡയുമായിട്ടോ കരാര്‍ ഒപ്പിടാന്‍ ബിസിസിഐ കൂട്ടാക്കിയില്ല.  മറിച്ച് സ്വന്തം നിലയ്ക്ക് കളിക്കാരുടെ അടുത്ത് നിന്ന് സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ തുടങ്ങി. ഇതിനുമുമ്പ് യൂസഫ് പഠാന് ഇത്തരത്തില്‍ പരിശോധന നടത്തുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷവും ബിസിസിഐ ഉത്തേജകമരുന്ന് പരിശോധന നടത്തി. 2018ല്‍ 215 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ അഞ്ചെണ്ണം പൊസിറ്റിവ് ആയിരുന്നു. എന്നാല്‍ ഈ അഞ്ചുപേര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല. 

ബോര്‍ഡിന് താക്കീതുമായി കേന്ദ്രകായിക മന്ത്രാലയം

ഈവര്‍ഷം ജൂണ്‍ 26ന് അയച്ച കത്തിലാണ് കേന്ദ്ര കായിക മന്ത്രാലയം ഉത്തേജക മരുന്ന് പരിശോധനയില്‍ നാഡയുമായി സഹകരിക്കണമെന്ന് വ്യക്തമാക്കി ബിസിസിഐക്ക് കത്തയച്ചത്. മറ്റ് കായിക താരങ്ങളെല്ലാം ‘ഡോപ്’ ടെസ്റ്റിന് വിധേയമാകുകയും നടപടി നേരിടുകയും ചെയ്യുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ അതില്‍ നിന്ന് വ്യത്യസ്തരല്ലെന്നാണ് മന്ത്രാലയം കത്തില്‍ പറയുന്നത്. സ്വന്തം നിലയ്ക്ക് പരിശോധനയും വിചാരണയും നടത്തുന്നത് ശരിയല്ല, ഇത് കായികലോകത്തെ സ്വാഭാവിക നിതിയോടുള്ള നിഷേധമെന്നും മന്ത്രാലയം പറയുന്നു. 

പൃഥ്വി ഷായും സസ്പെന്‍ഷനും

കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കത്ത് കിട്ടിയശേഷാണ് പൃഥ്വി ഷായ്ക്ക് വിലക്കുമായി ബിസിസിഐ എത്തുന്നത്. വാഡയുമായി കരാര്‍ ഒപ്പിട്ടെ മതിയാവൂ എന്ന സ്ഥിതിയില്‍ എത്തിനില്‍ക്കെ തങ്ങളുടെ പരിശോധന കാര്യക്ഷമം ആണെന്ന് വരുത്തുകയായിരുന്നു ബോര്‍ഡിന്റെ ലക്ഷ്യമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  അണ്ടര്‍ 19 ക്രിക്കറ്റിലൂടെ ഉയര്‍ന്നുവന്ന പൃഥ്വി പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. വീണ്ടും ടീമിലേക്ക് തിരിച്ചെത്തുമെന്ന് കരുതിയിരിക്കെയാണ് ഉത്തേജക മരുന്ന് പരിശോധനഫലം പൊസിറ്റിവ് ആകുന്നതും നടപടി നേരിടുന്നതും. വെസ്റ്റ് ഇന്‍ഡീസ് പര്യടനം മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയും ബംഗ്ലേദേശിനെതിരായ പരമ്പരയും പൃഥ്വിക്ക് നഷ്ടമാകും.