'ആ ബാറ്റിങ് പോലെ പ്രചോദിപ്പിക്കുന്ന ജീവിതം'; ഗവാസ്കർക്ക് ആശംസയുമായി സച്ചിൻ

ഇന്ത്യൻ ക്രിക്കറ്റിലെ അതുല്യ പ്രതിഭയായിരുന്ന സുനിൽ ഗവാസ്കർക്ക് ഇന്ന് എഴുപതാം പിറന്നാൾ. സച്ചിനുൾപ്പടെയുള്ള താരങ്ങളും ബിസിസിഐയും അദ്ദേഹത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.  ആ ബാറ്റിങ് പോലെ തന്നെ ക്രിക്കറ്റിനോടുള്ള അഭിനിവേശം ഇപ്പോഴും ഞങ്ങളെ പ്രചോദിപ്പിക്കുന്നു.  ഏറ്റവും സ്പെഷ്യലായ ആൾക്ക് പിറന്നാൾ ആശംസകൾ.സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ സർവ്വേശ്വൻ സഹായിക്കട്ടെ ഗവാസ്കർ സർ' എന്നായിരുന്നു സച്ചിന്റെ ആശംസ.

സച്ചിന് പുറമേ ശിഖർ ധവാനും ഗവാസ്കർക്ക് ആശംസ അറിയിച്ചിട്ടുണ്ട്. സന്തോഷകരമായ വർഷമാവട്ടെ മുന്നോട്ടുള്ളത് എന്നായിരുന്നു ധവാന്റെ ആശംസ. കൈവിരലിന് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ ധവാൻ വിശ്രമത്തിലാണ്.

ബാറ്റിങ് ഇതിഹാസവും മുൻ ക്യാപ്ടനുമായിരുന്ന ഗവാസ്കർക്ക് പിറന്നാൾ മംഗളങ്ങൾ എന്നാണ് ബിസിസിഐ ട്വീറ്റ് ചെയ്തത്. പിന്നാലെ ലോകോത്തര താരത്തിന് ആശംസകൾ ഐസിസിയും നേർന്നു. 

ഇന്ത്യ ആദ്യ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന ഗവാസ്കർ 108 ഏകദിനങ്ങളും 125 ടെസ്റ്റ് മത്സരങ്ങളും രാജ്യത്തിനായി കളിച്ചിട്ടുണ്ട്.10,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും ഗവാസ്കറിന്റെ പേരിലാണ്. ടെസ്റ്റ് മത്സരത്തിൽ നേടിയ 236 റൺസാണ് ഗവാസ്കറുടെ ബെസ്റ്റ്. 35 അന്താരാഷ്ട്ര മത്സരങ്ങളിലും അദ്ദേഹം സെഞ്ചുറി നേടിയിട്ടുണ്ട്.