അന്ന് ഗ്രൗണ്ടിൽ ചോര തുപ്പി; അംപയറോട് ‘കളി കഴിയട്ടെ’ എന്നു പറഞ്ഞ പോരാളി: കുറിപ്പ്

Yes.

Into the crowd.

Six sixes ...

കമന്റേറ്റേഴ്സ് ആവേശത്തിൽ പറഞ്ഞു.

ഞാൻ അന്ന് കോഴിക്കോട് പാലോളിപ്പാലത്ത് സെന്റർ ഫോർ ഫോക് ലോർ സ്റ്റഡീസിലെ ബിരുദാനന്തര വിദ്യാർഥി. സച്ചിനായിരുന്നു അക്കാലം മുഴുവൻ ക്രിക്കറ്റ് ഹീറോ. യുവരാജ് ഇല്ലെന്നല്ല. ആവേശമായിരുന്നു യുവരാജ് അക്കാലവും. ഇക്കാലമത്രയും. പാലോളിപ്പാലത്തെ ഒരു രാത്രിയിൽ വാടകമുറിയുടെ അപ്പുറത്തുള്ള മറ്റൊരു മുറിയുടെ ജനലിലൂടെയാണ് സഹപാഠികൾക്കൊപ്പം ആ കളി കണ്ടത്. ഇംഗ്ലണ്ടിന്റെ സ്റ്റ്യുവർട്ട് ബ്രോഡിനെ ഒരു ദാക്ഷിണ്യവുമില്ലാതെ ആറിൽ ആറും ഗാലറിയിലേക്ക് പായിക്കുന്നത്. എല്ലാവർക്കും ആവേശമായിരുന്നു ആ കാഴ്ച. യുവരാജിനെ ഓർക്കുമ്പോഴൊക്കെ ആ ദൃശ്യങ്ങൾ മനസിൽ മായാതെയെത്തും.

അതിനു ശേഷം യുവരാജ് ക്രീസിൽ എത്തുമ്പോഴൊക്കെ എതിരാളികൾ ആരായാലും ആ ഓവർ അവർത്തിക്കുമെന്ന് വെറുതെ സ്വപ്നം കാണും. അത്രയ്ക്കുണ്ടായിരുന്നു അയാളിലുള്ള പ്രതീഷ. വിശ്വാസം. സച്ചിനായിരുന്നു ടി.വി സ്ക്രീനിനു മുന്നിൽ കുത്തിയിരിക്കാൻ പ്രേരിപ്പിച്ചത്. ക്രിക്കറ്റിനെ ഇഷ്ടപ്പെടുത്തിയത്. സച്ചിൻ നേരിട്ട ഓരോ പന്തും അയാളേക്കാൾ സമ്മർദത്തോടെ കണ്ടിരുന്നു. ആസ്വദിച്ചിരുന്നു. തർക്കമില്ല. ലഹരിയായിരുന്നു സച്ചിന്റെ ബാറ്റിങ്. അതിനപ്പുറം ആത്മവിശ്വാസം നൽകിയത് യുവിയാണ്.

അയാൾ ക്രീസിൽ നിൽക്കുമ്പോഴൊക്കെ ഇന്ത്യ ജയിക്കുമെന്ന് ഉറപ്പിച്ചു. 

പലപ്പോഴും അയാൾ ആ ആഗ്രഹത്തിന് ഭംഗം വരുത്തിയില്ല. അതുകൊണ്ടു കൂടിയായാകാം കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ മനസിൽ അയാൾ ഇടം പിടിച്ചതും. കണക്കുകൾ മാറ്റി നിർത്താം. പകരം നേട്ടങ്ങളിലേയ്ക്ക് കണ്ണോടിക്കാം. ന്യൂമെറിക്കൽ തത്വങ്ങൾക്കപ്പുറമാണ് അയാളെ വിലയിരുത്തേണ്ടതും. ഇന്ത്യ കണ്ട എക്കാലത്തേയും വലിയ നേട്ടങ്ങളിൽ

പലതിലും അയാളുടെ കയ്യൊപ്പുണ്ടായിരുന്നു. ഇന്ത്യ നേടിയ  ട്വൻറി-20 ലോകകപ്പ് .2011ലെ ഏക ദിന ലോകകപ്പ്. എതിരാളിക്കെതിരെ ഒരോവറിലെ ആറു പന്തിലും സിക്സർ. ഇവയെല്ലാം ചിലതു മാത്രം. അരങ്ങേറ്റം മുതൽ ആരാധക മനസ്സിൽ പ്രതീക്ഷയുടെ തീപ്പൊരി വാരിയിട്ടു അയാൾ. അത് ആളിക്കത്തിച്ചു. നാറ്റ് വെസ്റ്റ് ട്രോഫിയും ലോകകപ്പും അതിൽ ചിലതു മാത്രം. അയാളിലെ കനൽ ആദ്യം തിരിച്ചറിഞ്ഞത് ഒരു പക്ഷേ സൗരവ് ഗാംഗുലിയാകാം. അയാളുടെ പുഷ്കലകാലം ആ ക്യാപ്ടനു കീഴിലാണ് ഉരുവം കൊണ്ടത്. 

തിരുവനന്തപുരത്ത് കാര്യവട്ടത്ത് ന്യൂസിലന്‍റിന് എതിരെയുള്ള ഒരു ട്വന്റി-20 മത്സരത്തിന്റെ അന്നാണ് യുവിയ്ക്ക് കേരള മനസിലുള്ള സ്വാധീനം എത്രയെന്ന് മനസിലായത്. ആ കളി റിപ്പോർട്ട് ചെയ്യാൻ എനിക്കും അവസരമുണ്ടായിരുന്നു. ന്യൂസിലന്‍റിനെതിരെയുള്ള ആ മത്സരത്തിലെ ഇന്ത്യൻ ടീമിൽ യുവി ഉണ്ടായിരുന്നില്ല. രോഹിതും കോലിയും ഹാർദ്ധികും ധവാനും ഉൾപ്പെട്ടെ ടീം. പക്ഷേ ടീമിൽ ഇല്ലാതിരുന്നിട്ടും അന്ന് യുവിയ്ക്ക് ആരാധകക്കൂട്ടം ഉണ്ടായിരുന്നു. മുഖത്ത് ഛായം തേച്ച്, ബാനർ വിടർത്തി കാര്യവട്ടത്തെത്തിയ ആരാധക കൂട്ടം ടീമിലില്ലാത്ത  യുവിയ്ക്ക് ജയ് വിളിച്ചു. മറ്റാർക്കും വിളിയ്ക്കുന്നതിനേക്കാളുച്ചത്തിൽ...

അയാൾ പോരാളിയായിരുന്നു. സഹകളിക്കാരിൽ ആവേശവും ആത്മവിശ്വാസവും നിറച്ച പോരാളി. ജീവിതത്തിലും. ഫീൽഡിൽ അയാൾ പറന്നു നടന്നു. ജോണ്ടി റോട്സിനെ കണ്ടു ശീലിച്ച ആരാധക കൂട്ടത്തിന് അയാൾ ഇന്ത്യൻ പതിപ്പു നൽകി. സ്ലിപ്പിലും, ഗള്ളിയിലും, ക്ലോസിലും അയാൾ പറന്നു നടന്നു. അസാധ്യമെന്നു കരുതിയ ക്യാച്ചുകൾ അയാൾ നിഷ്പ്രയാസം കയ്യിലൊതുക്കി. കയ്യിലമർന്ന പന്തിനെ മുകളിലേക്കെറിഞ്ഞ് അയാൾ ആഘോഷമാക്കി.

സഹകളിക്കാരെ അയാൾ ആ ആഘോഷത്തിൽ പങ്കാളിയാക്കി. എല്ലാവരിലും ആത്മവിശ്വാസം നിറച്ചു. യുവതലമുറയിൽ പ്രചോദനം നിറച്ചു. 2011 ൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ തളർന്ന അയാൾ ഗ്രൗണ്ടിൽ ചോര തുപ്പി. അർബുധ ബാധിതനെന്ന ആദ്യ ലക്ഷണം. വിശ്രമിക്കാൻ പറഞ്ഞ അംപയറോട് കളി കഴിയട്ടെ എന്നു പറഞ്ഞ പോരാളി.

ശേഷം അയാൾ ഏറെ വിശ്രമിച്ചു. രോഗത്തെ തോൽപ്പിച്ചു. 

എന്നിട്ടും...എന്നിട്ടും അയാൾ ഗ്രൗണ്ടിൽ തിരികെയെത്തി.പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടിപ്പിച്ചു. ഇടക്കെപ്പേഴോ അയാൾ ചിലർക്ക് അപ്രിയനായി.  പരമാവധി പൊരുതി നോക്കി. ആവുന്നതൊക്കെ ചെയ്തു. അപ്പോഴും ചിലർക്കിടയിൽ അയാൾ അനഭിമതനായി. അതുകൊണ്ട് കുടിയാകാം ലോകകപ്പിനിടയിലെ ഈ വിരമിക്കൽ പ്രഖ്യാപനം.വിരമിക്കൽ വേളയിൽ അയാൾ പറഞ്ഞതു പോലെ "ജയങ്ങളേക്കാൾ കൂടുതൽ പരാജയപ്പെട്ടവനാണ് ഞാൻ" .അയാൾ ജേതാവ് മാത്രമാണ്. ഒരു പക്ഷേ അയാൾക്ക് മാത്രം നേടാൻ കഴിയുന്ന വിജയങ്ങളുടെ പോരാളി. ഇതിനേക്കാൾ മാന്യമായ ഒരു വിടവാങ്ങൽ അയാൾ അർഹിച്ചിരുന്നു.

ഒടുവിൽ അയാൾ പറഞ്ഞു. "ഈ യാത്ര ഇവിടെ അവസാനിക്കുന്നു. ഇനി തുടർ യാത്ര അർബുദ രോഗികൾക്കൊപ്പമാണ്". പറഞ്ഞു മുഴുമിപ്പിച്ച് ഇരുപ്പിടത്തിൽ അയാളിരിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. അവിടെ നിന്ന് അയാൾ മറ്റൊരു യാത്ര തുടങ്ങുകയാണ്. പുതു യാത്രയിൽ അയാൾക്കൊപ്പം ആരാധക കൂട്ടം മാത്രമല്ല ഒരു ജനതയൊട്ടാകെയുണ്ടാകും. സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞ പോലെ ഇതിഹാസമാണല്ലോ അയാൾ. അതാകുന്നു യുവരാജ് സിങ്...