ചങ്ക് പിളർന്ന് രക്തം നൽകിയവന്‍; യുവിയെ എങ്ങനെ മറക്കും? നന്ദി പറഞ്ഞ് ആരാധകർ

ഐപിഎൽ താരലേലത്തിൽ യുവരാജ് സിങ്ങിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ആരാധകർ. ആരും വിളിക്കാതിരുന്ന യുവരാജിനെ അവസാനനിമിഷം ഒരു കോടി രൂപക്കാണ് മുംബൈ ടീമിലെടുത്ത്. മുംബൈ ഇന്ത്യൻസ് പേജിൽ നന്ദിയറിച്ചുള്ള പോസ്റ്റുകളാണ് നിറയെ. 

യുവിയെ ടീമിലെത്തിച്ച പോസ്റ്റിന് താഴെ മലയാളികളുൾപ്പെടെയുള്ളവരുടെ കമന്റുകൾ കാണാം. എല്ലാവരും തഴഞ്ഞപ്പോഴും ഒരു കൈ കൊടുക്കാൻ മനസ്സ് കാണിച്ച നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നാണ് ഒരു ആരാധകന്റെ കമന്റ്. ചങ്കുപിളർന്ന് രക്തം നൽ‌കി ഞങ്ങളുടെ ദൈവത്തിന് ലോകകിരീടം സമ്മാനിച്ചവനേ, നിന്നെ ഞങ്ങൾ എങ്ങനെ മറന്നുകളയുമെന്ന് മറ്റൊരു കമന്റ്. യുവിയെ ടീമിലെടുത്തതോടെ നിങ്ങളുടെ ആരാധകരുടെ എണ്ണം വർധിച്ചെന്നും ചിലർ. 

ഐപിഎൽ ലേലചരിത്രത്തിൽ ആദ്യമായാണ് യുവരാജിനെ ആദ്യഘട്ടത്തിൽ ആരും വാങ്ങാതെ പോകുന്നത്. ഇത് ആരാധകരെ നിരാശരാക്കിയിരുന്നു. യുവിയെ ടീമെലെടുക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ് ടാഗ് ക്യാംപെയിനും ആരാധകർ ആരംഭിച്ചിരുന്നു. 

ഒടുവിൽ യുവരാജിനെ ടീമിലെടുത്തെന്ന് ടീം ഔദ്യോഗികമായി അറിയിച്ചു. ഇതോടെയാണ് നന്ദിയറിയിച്ച് ആരാധകർ എത്തിയത്.

താരമായി ചക്രവർത്തി

ഐപിഎൽ താരലേലത്തിൽ അപ്രതീക്ഷിത താരോദയമായത് തമിഴ്നാട് താരം വരുൺ ചക്രവർത്തിയായിരുന്നു. വിവിധ ടീമുകൾ ആവേശത്തോടെ ഏറ്റുമുട്ടിയ ലേലത്തിനൊടുവിൽ കിങ്സ് ഇലവൻ പഞ്ചാബ് 8.4 കോടി രൂപയ്ക്ക് യുവതാരത്തെ ടീമിലെത്തിച്ചു. വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്ഥാനത്താണ് വരുൺ 8.4 കോടിയിലെത്തിയത്. കഴിഞ്ഞ സീസണിലെ അദ്ഭുത പ്രകടനം ഇക്കുറിയും ആവർത്തിച്ച ഇന്ത്യൻ പേസ് ബോളർ ജയ്ദേവ് ഉനദ്കടും ഇക്കുറി 8.4 കോടി രൂപ നേടി. കഴിഞ്ഞ വർഷം റെക്കോർഡ് വിലയ്ക്ക് (11.5 കോടി) താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ടീമിലെടുത്ത ഉനദ്കട്, ഇക്കുറി 8.4 കോടിക്ക് അതേ ടീമിലെത്തി. ഈ വർഷത്തെ താരലേലത്തിൽ ഇതുവരെയുള്ള കൂടിയ വിലയാണ് ഉനദ്കടിനും വരുണിനും ലഭിച്ച 8.4 കോടി. 

രണ്ടു കോടി അടിസ്ഥാന വിലയുമായി ലേലത്തിനെത്തി 7.2 കോടി രൂപ നേടിയ യുവ ഇംഗ്ലണ്ട് വിസ്മയം സാം കറനാണ് വിലയിൽ നിലവിൽ രണ്ടാമതുള്ളത്. വാശിയേറിയ ലേലത്തിനൊടുവിൽ കിങ്സ് ഇലവൻ പഞ്ചാബാണ് കറനെ സ്വന്തമാക്കിയത്. 6.4 കോടിക്ക് ദക്ഷിണാഫ്രിക്കൻ താരം കോളിൻ ഇൻഗ്രാമിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഇവർക്കു പുറമെ വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്ത്‌വയ്റ്റ്, ഇന്ത്യൻ താരങ്ങളായ അക്സർ പട്ടേൽ, മോഹിത് ശർമ, ശിവം ദുബെ എന്നിവരും ലേലത്തിൽ നേട്ടം കൊയ്തു. ബ്രാത്ത്‌വയ്റ്റിനെ കൊൽക്കത്തയും അക്സർ പട്ടേലിനെ ഡൽഹിയും മോഹിത് ശർമയെ ചെന്നൈയും ശിവം ദുബെയെ ആർസിബിയും അഞ്ചു കോടിക്ക് ടീമിലെത്തിച്ചു.