അശ്വിന്റെ ടീമിനെതിരെ മങ്കാദിങ് അവസരം; തിരിഞ്ഞുനടന്ന് ക്രുനാൽ; കണ്ടുപഠിക്കെന്ന് ആരാധകര്‍

ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിന്റെ 'മങ്കാദിങ്' വലിയ വിവാദമായിരുന്നു. നിരവധി പേരാണ് അശ്വിനെ വിമർശിച്ചെത്തിയത്. ഇപ്പോഴിതാ അശ്വിന് പരോക്ഷ മറുപടിയുമായി മുംബൈ ഇന്ത്യൻസ് താരം ക്രുനാൽ പാണ്ഡ്യ. അശ്വിന്റെ ടീമായ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ക്രുനാലും മങ്കാദിങ്ങിനുള്ള അവസരം സൃഷ്ടിച്ചെടുത്തു. പക്ഷേ ക്രുനാൽ മാന്യത കാണിച്ചു. 

പഞ്ചാബ് താരം മായങ്ക അഗർവാൾ ആണ് നോൺ സ്ട്രൈക്കിങ് എൻഡിൽ. പന്ത് എറിയും മുൻപ് നോൺ സ്ട്രൈക്കിങ് എൻഡിലുള്ള ബാറ്റ്സ്മാനെ പുറത്താക്കുന്ന രീതിയാണ് മങ്കാദിങ്. പത്താം ഓവറിലെ നാലാം പന്ത് ബോൾ ചെയ്യാൻ ക്രുനാൽ തയ്യാറെടുക്കുന്നു. എന്നാൽ ബോൾ ചെയ്യാനെത്തിയ ക്രുനാൽ ആക്ഷൻ തുടങ്ങുംമുൻപ് മായങ്ക് ക്രീസ് വിട്ടിരുന്നു. ബോൾ ചെയ്യാതെ ക്രുനാൽ തിരിയുമ്പോഴും മായങ്ക് ക്രീസിന് പുറത്തുതന്നെ. ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാനുള്ള സുവർണാവസരം. അതിന് ശ്രമിക്കാതെ ക്രുനാൽ മായങ്കിന് തിരികെ ക്രിസീലെത്താൻ അവസരം നൽകി. പിന്നീട് തിരികെ പോയി ഓവർ പുനരാരംഭിച്ചു. 

രാജസ്ഥാൻ റോയൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിൽ നടന്ന മൽസരത്തിലാണ് ഐപിഎല്ലിൽ ‘മങ്കാദിങ്’ അരങ്ങേറ്റം കുറിച്ചത്. രാജസ്ഥാൻ താരം ജോസ് ബട്‍‌ലറിനെ പുറത്താക്കാൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനാണ് ഈ അറ്റകൈ പ്രയോഗം പുറത്തെടുത്തത്. മികച്ച രീതിയിൽ ബാറ്റു ചെയ്തുവന്ന ബട്‍ലർ പുറത്തായതോടെ രാജസ്ഥാൻ തകർന്നടിഞ്ഞ് മൽസരം കൈവിടുകയും ചെയ്തു. ഇതിനു പിന്നാലെ അശ്വിനെ വിമർശിച്ചും അനുകൂലിച്ചും ഒരുപാടു പേർ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും ഇക്കാര്യം വലിയ ചർച്ചയായി.

അശ്വിൻ നടത്തിയ മങ്കാദിങ്ങിന്റെ അലയൊലികൾ അടങ്ങിവരവെയാണ്, എല്ലാം ഒരിക്കൽക്കൂടി ഓർമിപ്പിച്ച് ക്രുനാലും മങ്കാദിങ്ങിന് കളമൊരുക്കിയത്. എന്നാൽ, താരത്തെ പുറത്താക്കാതെ തിരിച്ചുനടന്ന ക്രുനാൽ, അശ്വിനെ ‘ട്രോളിയതാണെന്ന്’ അഭിപ്രായപ്പെടുന്ന ആരാധകരുമുണ്ട്.