അംപയർമാർ കണ്ണു തുറന്ന് നിൽക്കണം, ഇത് ക്ളബ് ക്രിക്കറ്റല്ല; കട്ടക്കലിപ്പിൽ കോഹ്‌ലി

ഐപിഎൽ ടൂർണമെന്റിൽ ഓരോ കളി കഴിയുമ്പോഴും വിവാദങ്ങളും കൊഴുക്കുകയാണ്. കഴിഞ്ഞ ദിവസത്തെ മുംബൈ ഇന്ത്യൻസ്– റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ട കളിയായിരുന്നു. ഇരുടീമുകളിലും വമ്പൻമാർ അണിനിരന്നതോടെ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഇവിടേക്കായിരുന്നു.

മുംബൈ ഇന്ത്യൻസ് താരം ലസിത് മലിംഗയുടെ നോബോളാണ് ഇന്നലെ വിവാദമായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 187 റൺസിന്റെ വിജയലക്ഷ്യമാണുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സ് വിജയത്തിനു തൊട്ടടുത്ത് വരെയെത്തി. അവസാന ഓവറിൽ കോ‌ഹ്‌ലിപ്പടയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് ഏഴു റൺസായിരുന്നു. ആറു റൺസ് നേടിയാൽ സമനില. എന്നാൽ മലിംഗയുടെ ഫുൾടോസ് പന്ത് ബാറ്റ്സ്മാൻ ദുബൈയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. റൺസെടുക്കാൻ സാധിച്ചില്ല. ഇതോടെ റോയൽ ചലഞ്ചേഴ്സിനു തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 

പന്ത് നോബോൾ ആണെന്ന് റീപ്ളേയിൽ വ്യക്തമായിരുന്നു. അംപയർ നോബോൾ വിളിച്ചിരുന്നെങ്കിൽ ടീമിനു ഒരു റൺസും ഫ്രീ ഹിറ്റും കിട്ടുമായിരുന്നു. മികച്ച ഫോമിൽ നിൽക്കുന്ന എ.ബി. ഡിവില്യേഴ്സിനു സ്ട്രൈക്കും കിട്ടും. ജയസാധ്യത ഏറെ. എന്നാൽ അപയർ എസ്. രവിയുടെ നോട്ടപ്പിഴ എല്ലാം തുലച്ചു. 

സംഭവത്തിൽ വിരാട് കോഹ്‌ലി തികച്ചും അസന്തുഷ്ടനാണ്. ഇത് ഐപിഎൽ ക്രിക്കറ്റാണ്. ക്ളബ് ക്രിക്കറ്റല്ല. അംപയർമാർ കണ്ണു തുറന്ന് നിൽക്കണം. അത് നോബോളാണെന്ന് എല്ലാവർക്കും അറിയാം. അംപയർമാർ കൂടുതൽ ശ്രദ്ധ പുലർത്തണം. മത്സരശേഷം അസംതൃപ്തി മറക്കാതെ താരം പറഞ്ഞു. കളിച്ച രണ്ടു കളികളും തോറ്റ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് പ്രതിരോധത്തിലാണ്.