ധോണിയാകാൻ നോക്കിയ പന്തിന് പാളി: കൂവിയാർത്ത് ജനം; രോഷത്തോടെ കോഹ്‍ലിയും

ഓസീസിനെതിരായ നാലാം ഏകദിനം മറന്നു കളയാനായിരിക്കും ധോണിയുടെ പിൻഗാമിയന്ന് വാഴ്ത്തപ്പെട്ട റിഷഭ് പന്തിന്റെ ഇനിയുളള ശ്രമം. ധോണിക്ക് പകരം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ പന്ത് പല തവണയാണ് വിക്കറ്റ് വീഴ്‌ത്താനുളള അവസരം നഷ്ടപ്പെടുത്തിയത്. ഒരു തവണ സ്റ്റംപിങ്ങിൽ ധോണി സ്റ്റൈൽ പുറത്തെടുക്കാൻ നോക്കിയെങ്കിലും അമ്പാടെ പാളി. 44–ാം ഓവറിൽ  യുസ്‌വേന്ദ്ര ചാഹലിന്റെ പന്തിൽ ക്രീസിൽ നിന്ന് ഇറങ്ങി വെടിക്കെട്ടിനു ശ്രമിച്ച അലക്സ് കാരിയെ തളയക്കാൻ പന്തിന്റെ പ്രതിഭ പോരാതെ വന്നു. മികച്ച അവസരം കൈവിട്ടതോടെ നായകൻ കോഹ്‌‍ലിയുടെ നിയന്ത്രണം നഷ്ടമാകുകയും ചെയ്തു. പരസ്യമായി ഫീൽജിൽ നിന്ന് കോഹ്‍ലി അമർഷം പ്രകടിപ്പിക്കുകയും ചെയ്തു.

ബാറ്റിങ്ങിൽ താരതമ്യേന ഭേദപ്പെട്ടു നിന്നെങ്കിലും വിക്കറ്റിനു പിന്നിൽ വരുത്തിയ ചില പിഴവുകളാണ് മൊഹാലി ഏകദിനത്തിൽ പന്തിനെ ‘വില്ലൻ’ സ്ഥാനത്തു നിർത്തിയത്. തകർപ്പൻ സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്സിന് നങ്കൂരമിട്ട പീറ്റർ ഹാൻഡ്സ്കോംബ്, തട്ടുപൊളിപ്പൻ ബാറ്റിങ്ങിലൂടെ ഓസീസിനെ വിജയതീരമണച്ച ആഷ്ടൺ ടേണർ എന്നിവർ നൽകിയ രണ്ടു സുവർണാവസരങ്ങളും പന്ത് തുലച്ചു. കൂവലോടെയും ‘ധോണി, ധോണി’ വിളികളോടെയുമാണ് ഓരോ സ്റ്റംപിങ് അവസരങ്ങൾ പന്ത് പാഴാക്കുമ്പോഴും മൊഹാലിയിലെ സ്റ്റേഡിയം പ്രതികരിച്ചത്.

വിക്കറ്റ് കീപ്പിങ്ങിലെ ഇതിഹാസമായി ഇപ്പോൾത്തന്നെ വിലയിരുത്തപ്പെടുന്ന ധോണിയുമായി പന്തിനെ താരതമ്യം ചെയ്ത് നടത്തുന്ന പരിഹാസങ്ങളെ വിമർശിച്ചും ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന പന്തിന്റെ കരിയർ തന്നെ ഇത്തരം പരിഹാസങ്ങൾ നശിപ്പിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ നാലാം ഏകദിനത്തില്‍ പന്ത് വരുത്തിയ തെറ്റുകളുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.