അർധശതകത്തിനരികെ വീണ നിർഭാഗ്യവാനല്ല, വിജയം പിടിച്ചെടുത്ത മാന്ത്രികൻ; വീരനായി വിജയ്

ഇന്ത്യൻ ഇന്നിംഗ്സിൽ നിർഭാഗ്യവാൻ. ഓസ്ട്രേലിയൻ ഇന്നിംഗ്സ് കഴിഞ്ഞതോടെ വീരനായകൻ. നാഗ്പൂരിൽ ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ വിജയക്രീസിലേക്ക് അടുപ്പിച്ചത് വിജയ് ശങ്കർ. ഇന്ത്യൻ ജഴ്സിയിൽ വിജയിയുടെ രണ്ടാം ഏകദിനമാണിത്. 

ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങി വിജയ്. സംപൂജ്യനായി രോഹിത് ശർമ പുറത്തായതോടെ അപകടം മണത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കൊപ്പം ഇന്ത്യൻ ഇന്നിംങ്സിന് ജീവൻ നൽകിയത് വിജയ് ആണ്. സമ്മർദ്ദഘട്ടത്തിൽ മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തു. അർഹിച്ച അർധസെഞ്ചുറിയിലേക്കുള്ള കുതിപ്പിനിടെ നിർഭാഗ്യകരമായ റണ്ണൗട്ടിലൂടെ വിജയ് പുറത്തേക്ക്. 

ഇന്ത്യൻ ഇന്നിംങ്സിലെ ആദ്യ സിക്സ് കുറിച്ച് വിജയ് ആരാധകരുടെ പ്രിയതാരമായി മാറി. ഒടുവിൽ ഓസീസ് ഇന്നിങ്സിൽ ഇന്ത്യയുടെ രക്ഷകനായി അവതരിച്ചതും വിജയ് തന്നെ. രണ്ടു വിക്കറ്റ് ശേഷിക്കെ വിജയിക്കാൻ 11 റൺസ് മാത്രം മതിയായിരുന്നു ഓസീസിന്. ക്രീസിൽ മാർക്കസ് സ്റ്റോയ്റ്റ്നിസും നാദൻ ലിയോണും. 

ആദ്യ ഓവറിൽ 13 റൺസ് വിട്ടുകൊടുത്ത് പിന്നീട് ബോളിങ്ങിന് പോലും അവസരം ലഭിക്കാതെ പോയ വിജയ് ആണ് അവസാന ഓവർ എറിയാനെത്തിയത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയവരുടെ ഓവറുകൾ തീർന്നതായിരുന്നു കാരണം.

മൽസരം കൈവിട്ടുപോകുമെന്ന് ആരാധകർ പോലും ഉറച്ചിരിക്കെ ആദ്യ പന്തിൽത്തന്നെ സ്റ്റോയ്നിസിനെ എൽബിയിൽ കുരുക്കിയ വിജയ്, ഓസീസിനെ തോൽവിയിലേക്കു തള്ളിവിട്ടു. അടുത്ത പന്തിൽ ഡബിളെടുത്ത സാംപയെ മൂന്നാം പന്തിൽ  തെറിപ്പിച്ച് മടക്കി. ആധികാരികമായി, ഐതിഹാസികമായി വിജയ് വിജയം പിടിച്ചെടുത്തു. 

വിലക്ക് നേരിടുന്ന ഹാർദിക് പാണ്ഡ്യക്ക് പകരക്കാരൻ ആയാണ് വിജയ് ടീമിലെത്തുന്നത്. നിദാഹാസ് ട്രോഫിയിലെ ആദ്യ ട്വന്റി 20യിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. മെൽബണിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു വിജയിയുടെ ആദ്യ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം.