ഗാംഗുലിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണോ? മുഖ്യമന്ത്രിയാകണോ? പാക് താരത്തിന്റെ പരിഹാസം

പുൽവാമ ആക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് ലോകകപ്പ് മത്സരം ഉപേക്ഷിക്കണമെന്നു പറഞ്ഞ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരത്തിന്റെ പരിഹാസം. തിരഞ്ഞെടുപ്പിന് മത്സരിക്കണമെന്ന് ആഗ്രഹമുള്ളതിനാലാകാം ഗാംഗുലി ഇത്തരം പരാമർശം നടത്തിയതെന്ന് പാക് താരം ജാവേദ് മിയൻദാദ് പറഞ്ഞു. 

പാക്കിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റോ ഹോക്കിയോ ഫുട്ബോളോ കളിക്കുന്നത് നിർത്തുക മാത്രമല്ല, എല്ലാ വിധത്തിലുമുള്ള ഉഭയക്ഷി ചര്‍ച്ചകളും അവസാനിപ്പിക്കണമെന്നും ഗാംഗുലി പറഞ്ഞിരുന്നു. എന്നാൽ സച്ചിൻ ഗാവസ്കർ തുടങ്ങിയവർ പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിച്ച് 2 പോയിൻറെ നഷ്ടപ്പെടുത്തരുത് എന്നാണ് അഭിപ്രായപ്പെട്ടത്. പാക്കിസ്ഥാനെ വീണ്ടും കളിച്ചു തോൽപ്പിക്കുകയാണ് വേണ്ടതെന്ന് സച്ചിൻ പറഞ്ഞു. 

''ഗാംഗുലി തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ മുഖ്യമന്ത്രിയാകാനോ ആഗ്രഹിക്കുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇത് ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണ്. ഇന്ത്യ നടത്തുന്ന ഭീരുത്വ ശ്രമങ്ങൾക്കൊപ്പം നിൽക്കാനല്ല, സ്വയം മെച്ചപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. സമാധാനപരമായ ചർച്ചക്ക് പാക്കിസ്ഥാൻ എപ്പോഴും ഇന്ത്യയെ ക്ഷണിച്ചിരുന്നു. എന്നാൽ ഇന്ത്യ നല്ല രീതിയിലല്ല പ്രതികരിച്ചത്'',  മിയൻദാദ് പറഞ്ഞു. 

മത്സരം ഉപേക്ഷിക്കാനുള്ള ബിസിഐയുടെ അപേക്ഷ ബാലിശമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.