മനോരമ സ്പോർട്സ് അവാർഡിനായുള്ള അവസാന ചുരുക്കപട്ടികയായി

കേരളത്തിലെ മികച്ച സ്പോർട്സ് ക്ലബ്ബിനു സാന്റാ മോണിക്ക ഹോളിഡേയ്സിന്റെ സഹകരണത്തോടെ മലയാള മനോരമ നൽകുന്ന പുരസ്കാരത്തിനുള്ള അവസാന ചുരുക്കപട്ടികയായി. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി, കോഴിക്കോട് ബ്രദേഴ്സ് സ്പോർട്സ് ക്ലബ്,  പാലക്കാട് ഒളിംപിക് അത്‌ലറ്റിക് ക്ലബ് എന്നിവയാണ് അവസാന റൗണ്ടിലേയ്ക്ക് യോഗ്യതനേടിയത്.   

ആറു ക്ലബ്ബുകളിൽനിന്നു കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവും കൈവരിച്ച നേട്ടങ്ങളും അടിസ്ഥാനമാക്കിയാണ് അവസാന 3 ക്ലബ്ബുകളെ തിരഞ്ഞെടുത്തത്. കായിക വികസനത്തിനുള്ള ക്ലബ്ബിന്റെ സംഭാവന, പദ്ധതികളുടെ നടത്തിപ്പ്, കൈവരിച്ച നേട്ടങ്ങൾ, ക്ലബ് പ്രവർത്തനങ്ങളിലെ പൊതുജന പങ്കാളിത്തവും സാന്നിധ്യവും, സാമൂഹിക പ്രതിബദ്ധത, പദ്ധതി നടത്തിപ്പിലെ പുതുമ എന്നിവയാണ് അവസാന റൗണ്ട് മൂല്യനിർണയത്തിന് അടിസ്ഥാനമാക്കിയത് . കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് ക്ലബ് ഇത്തവണം രംഗത്തത്തുണ്ട് .

വോളിബോളിലും കബഡിയിലും പരിശീലനം നല്‍കുന്ന കോഴിക്കോടു നിന്ന് തന്നെയുള്ള മൂലാട് ബ്രദേഴ്സ് സ്പോര്‍ട്സ് ക്ലബും ലോങ്ജംപ് താരം ശ്രീശങ്കര്‍ പരിശീലിക്കുന്ന പാലക്കാട് ഒളിംപിക് അത്ലറ്റിക് ക്ലബുമാണ് ആദ്യമൂന്നില്‍ ഇടംപിടിച്ച മറ്റ് രണ്ടുക്ലബുകള്‍ . ജേതാവിനെയും രണ്ട്, മൂന്ന് സ്ഥാനക്കാരെയും കൊച്ചിയിൽ നടക്കുന്ന മനോരമ സ്പോർട്സ് അവാർഡ് ചടങ്ങിൽ പ്രഖ്യാപിക്കും. പുരസ്കാര ജേതാക്കൾക്കു ട്രോഫിക്കു പുറമേ 3 ലക്ഷം രൂപ, ഫസ്റ്റ് റണ്ണേഴ്സ് അപ്പിനു 2 ലക്ഷം, മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം എന്നിങ്ങനെയാണു സമ്മാനത്തുക.