കമ്മിൻസിന്റെ ഏറു കൊണ്ട് കരുണരത്ന വീണു; പരിഭ്രാന്തി; വിഡിയോ

നവംബർ 27, 2014 ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ കരിദിനം. ഓസീസിലെ പ്രതിഭാധനനായ യുവ താരം ഫിൽ ഹ്യൂഗസ് മൈതാനത്ത് ഏറുകൊണ്ട് വീണതിനു ശേഷം മരണമടഞ്ഞ ദിനം. ഓരോ പന്തും ബാറ്റ്സ്മാന് മീതേ മൂളി പറക്കുമ്പോൾ പ്രാർത്ഥനയോടെ ലോകം ഫിൽ ഹ്യൂഗ്സിനെ ഓർക്കും. ഓസ്ട്രേലിയ്ക്കെതിരായുളള രണ്ടാം ടെസ്റ്റിൽ ശ്രീലങ്കൻ ഓപ്പണിങ് ബാറ്റ്സ്മാൻ ദിമുത് കരുണരത്ന ഏറു കൊണ്ട് വീണത് ലോകത്തെ വേദനിപ്പിച്ചു. 

ലങ്കയുടെ ആദ്യ ഇന്നിങ്സിലാണ് വേദനാജനകമായ സംഭവം. ഓസീസ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന്റെ വേഗതയേറിയ ബൗൺസർ പ്രതിരോധിക്കാനാകാതെ കളിക്കളത്തിൽ ഏറുകൊണ്ടു വീഴുകയായിരുന്നു കരുണരത്ന. കുത്തിപ്പൊങ്ങിയ പന്ത് പ്രതിരോധിക്കാനായി കുനിഞ്ഞപ്പോൾ പന്ത് കഴുത്തിൽ ഇടിക്കുകയായിരുന്നു. 

വേദന സഹിക്കാൻ കഴിയാതെ കരുണരത്ന ഗ്രൗണ്ടിൽ വീണു. ഇതോടെ എല്ലാവരും പരിഭ്രാന്തരായി ഓടിയെത്തി. ഉടൻ തന്നെ സ്ട്രെച്ചറിൽ താരത്തെ പുറത്തെത്തിച്ചു. 84 പന്തിൽ 46 റൺസ് നേടി നിലയുറപ്പിക്കുമ്പോഴായിരുന്നു ദുരന്തം. അഞ്ച് ബൗണ്ടറികളും ആ ബാറ്റിൽ നിന്നു പിറന്നു. കരുണത്ന മടങ്ങിയതോടെ ശ്രീലങ്കൻ ബാറ്റിങ്ങിലും വിളളൽ വീണു. മെൻഡിസിനെ ആറു റൺസ് മാത്രം എടുത്തു നിൽക്കുമ്പോൾ കമ്മിൻസ് മടക്കി.