155 കോടി പിഴയടച്ചു; നികുതി വെട്ടിപ്പു കേസിൽ നിന്ന് റൊണാൾഡോ തലയൂരി

സ്പെയിനിലെ നികുതിവെട്ടിപ്പു കേസുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ 155 കോടി രൂപ പിഴയടച്ച് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴിവാക്കി. 1.8 മില്യൻ യൂറോ (155 കോടിയോളം രൂപ) പിഴയായി നൽകിയാണ് റൊണാൾഡോ കേസ് ഒഴിവാക്കിയത്. മാഡ്രിഡിൽ കളിക്കുന്ന കാലത്താണ് നികുതി തട്ടിപ്പു കേസിൽ കുടുങ്ങിയത്.  2010–2014 കാലയളവിൽ റയലിൽ കളിക്കുമ്പോൾ റൊണാൾഡോ നികുതി വെട്ടിപ്പു നടത്തിയെന്നാണ് കേസ്. മുൻപ് അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയും സമാന കേസിൽ കുടുങ്ങിയിരുന്നു.

സ്പാനിഷുകാരിയായ പ്രതിശ്രുത വധു ജോർജിന റോഡ്രിഗസിനൊപ്പമാണ് ക്രിസ്റ്റ്യാനോ p;മാഡ്രിഡിലെ കോടതിയിലെത്തിയത്. ചിരിയോടെ കോടതിയിൽ നിന്നിറങ്ങി വന്ന താരം ആരാധകര്ർക്ക് ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു.  15 മിനിറ്റോളം കോടതിയിൽ ചിലവഴിച്ച താരം നേരത്തെ തയ്യാറാക്കിവെച്ച കരാറിൽ ഒപ്പിട്ടു മടങ്ങി.

കേസ് ഒഴിവാക്കാനുള്ള ഈ കരാറിനൊപ്പം 23 മാസത്തെ ജയിൽ ശിക്ഷയും ഉൾപ്പെടുന്നുണ്ടെങ്കിലും റൊണാൾഡോ അത് അനുഭവിക്കേണ്ടിവരില്ല. ക്രിമിനൽ സ്വഭാവമുള്ള കേസുകൾ ഒഴികെയുള്ളവയ്ക്ക് രണ്ടു വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചാലും ജയിലിൽ കിടക്കേണ്ട എന്ന സ്പെയിനിലെ പ്രത്യേക സംവിധാനമാണ് ഇക്കാര്യത്തിൽ റൊണാൾഡോയുടെ രക്ഷയ്ക്കെത്തിയത്.

നേരത്തെ വിഡിയോ കോൺഫറൻസ് വഴി ജഡ്ജിയുമായി സംസാരിക്കാൻ റൊണാൾഡോ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി സമ്മതിച്ചിരുന്നില്ല. മാധ്യമങ്ങളിൽ നിന്ന് രക്ഷ നേടാൻ തന്റെ കറുത്ത വാനിൽ കോടതി കെട്ടിട്ടത്തിലേയ്ക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു.