അച്ചടക്കത്തിന്റെ ബൗണ്ടറി: മാന്യത മറക്കുന്നവരോട് രാഹുല്‍ ദ്രാവിഡ് പറയുന്നത്

ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലിന്റെയും അഭിമുഖം വിവാദത്തിലും വിലക്കിലും അവസാനിച്ച ഘട്ടത്തിലാണ് വിദ്യാഭ്യാസത്തിന്റെ അനിവാര്യത രാഹുല്‍ ദ്രാവിഡ് വീണ്ടും വീണ്ടും ഊന്നിപ്പറയുന്നത്. വിദ്യാഭ്യാസം എന്നത് വെറുതെ ഡിഗ്രി എന്നത് മാത്രമല്ലെന്നും കാര്യങ്ങള്‍ ഗൗരവത്തോടെ പഠിച്ചെടുക്കുകയാണെന്നും ദ്രാവിഡ് പറയുന്നു. ഡിഗ്രി നേടിയാലും കാര്യങ്ങള്‍ പഠിക്കാത്തവരുണ്ട്, നിരീക്ഷണവും വിലയിരുത്തലും ഗ്രഹിക്കലും ഉള്‍പ്പെടുന്്നതാണ് പഠനമെന്നും ദ്രാവിഡ് വ്യക്തമാക്കുന്നു.

ദ്രാവിഡമന്ത്രങ്ങള്‍

ക്രിക്കറ്റ് കളത്തിന് പുറത്ത് വിശ്രമവും വിനോദവും കളിക്കാര്‍ക്ക് ആവശ്യമാണ്. എന്നാല്‍ അത് അതിരുവിടുന്നതാകരുത്. ശരിയേത് തെറ്റേതെന്ന് തിരിച്ചറിയാനുള്ള ബോധ്യം താരങ്ങള്‍ക്ക് ഉണ്ടാവണം. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമ്പോള്‍ കളിക്കാരുടെ പെരുമാറ്റത്തിലും നടപ്പിലുംസംസാരത്തിലുമെല്ലാം ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഇപ്പോഴത്തെ യുവജനങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവരാണ്. അത് എങ്ങനെ ഉത്തരവാദിത്തത്തോടെയും ഫലപ്രദമായും ഉപയോഗിക്കാമെന്ന് അറിഞ്ഞിരിക്കണം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്ന് പറയുന്നതില്‍ കാര്യമില്ല.

പ്രഫഷനല്‍ ഉന്നതിക്ക് അതിനെ ഫലപ്രദമായി ഉപയോഗിക്കാവുന്നതുമാണെന്നും ദ്രാവിഡ് പറഞ്ഞു. കളിക്കളത്തിലെ നേട്ടങ്ങള്‍ ആരാധകരിലേക്ക് എത്തിക്കാന്‍ ഈ മാധ്യമങ്ങള്‍ വഴി വേഗത്തില്‍ സാധിക്കും, എന്നാല്‍ ഇതിന്റെ തിരഞ്ഞെടുപ്പും ഉപയോഗവും ബുദ്ധിപരമായിരിക്കണമെന്നും ദ്രാവിഡ്പറഞ്ഞു.

ദ്രാവിഡിന്റെ തന്ത്രങ്ങള്‍

നോ മൊബൊല്‍ ഫോണ്‍, നോ വാട്സാപ്പ്, നോ മീഡിയ ഇതായിരുന്നു അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.
ഫൈനല്‍ കഴിയും വരെ മൊബൈല്‍ ഓഫ് ആക്കി വയ്ക്കുക. വാട്സാപ്പ് സന്ദേശങ്ങള്‍ അയക്കാതെയും നോക്കാതെയും ഇരിക്കുക. മാധ്യമങ്ങളോട് സംസാരിക്കാതെയും മാധ്യമങ്ങളില്‍ വരുന്നത് വായിക്കാതെയും ഇരിക്കുക. എന്തിനും ഏതിനും എടുത്തചാട്ടത്തിന്റെ കൗമാരപ്രായക്കാരെ മുഴുവന്‍ സമയവും ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ദ്രാവിഡ് പിതൃവാല്‍സ്യലത്തോടെ കുട്ടികള്‍ക്ക് മുന്നില്‍ വച്ച ഉപാധി. അത് ലക്ഷ്യം കാണുകയും ചെയ്തു.

താരങ്ങള്‍ക്ക് പഠനക്ലാസ് നല്‍കും

ഹര്‍ദിക് പാണ്ഡ്യ രാഹുല്‍ വിവാദത്തോടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് പഠനക്ലാസ് നല്‍കാന്‍ ബിസിസിഐ തയാറെടുക്കുന്നു. എല്ലാത്തരത്തിലുള്ള കളിക്കാര്‍ക്കും ക്ലാസ് നല്‍കും. മാധ്യമരംഗത്തെ വിദഗ്ധരുടെയും സൈക്കോളജിസ്റ്റുകളുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്താനാണ് ബോര്‍ഡിന്റെ നീക്കം.