ധോണിക്ക് 35,000 രൂപ മാത്രം; ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ രോഷം; തുറന്നടി

ചരിത്രമാണ് ഓസ്ട്രേലിയയില്‍ ഇന്ന് കൊടിയേറിയത്. ടീം ഇന്ത്യയുടെ ജയഭേരി ആഘോഷമാക്കുകയാണ് രാജ്യവും ക്രിക്കറ്റ് ലോകവും. ഈ ആമോദത്തിനിടെ അത്ര സുഖമല്ലാത്ത ഒരു വാര്‍ത്ത കൂടിയുണ്ട്. 

ഈ തലയെടുപ്പിനിടെയും ധോണിക്കും നിസ്വേന്ദ്ര ചാഹലിനും സമ്മാനത്തുക വളരെ കുറഞ്ഞുപോയെന്നാണ് മുറവിളി. ഇതിന്റെ പേരില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വിമര്‍ശന നടുവില്‍ ആയിക്കഴിഞ്ഞു. മുൻ ഇന്ത്യൻ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ സുനിൽ ഗവാസ്കറാണ് ആദ്യം തുറന്നടിച്ചത്. 

കളിയിലെ താരമായ യുസ്‍വേന്ദ്ര ചാഹലിനും പരമ്പരയുടെ താരമായ എംഎസ് ധോണിക്കും 500 യു എസ് ഡോളര്‍ മാത്രം. 35,000 ഇന്ത്യൻ രൂപ മാത്രം സമ്മാനത്തുക. കേള്‍ക്കുന്നവരെ തന്നെ അമ്പരപ്പിക്കുന്ന തുക. സമൂഹമാധ്യമങ്ങളില്‍ രോഷം അണപൊട്ടിക്കഴിഞ്ഞു. ഇത് അവഹേളനമാണെന്നാണ് ഉയരുന്ന ആക്ഷേപം.  

ഗവാസ്കറിന്റെ വാക്കുകള്‍ ഇങ്ങനെ: വിജയികൾക്ക് ട്രോഫി മാത്രം നൽകിയത് നാണക്കേടാണ്. ചാനല്‍ പ്രക്ഷേപണത്തിലൂടെ വലിയ തുക സംഘടകർക്ക് ലഭിക്കുന്നുണ്ട്. പിന്നെ എന്താണ് കളിക്കാർക്ക് സമ്മാനത്തുക നൽകാത്തത്? കളിക്കാരാണ് വലിയ വരുമാനം നൽകുന്നത്. അതുകൊണ്ട് തന്നെ അവർക്ക് അതിന്റെ പ്രതിഫലം ലഭിക്കണമെന്നും ഗവാസ്കർ പറഞ്ഞു. പിന്നാലെ ക്രിക്കറ്റ് ആരാധകർ വിഷയം ഏറ്റെടുത്തി വിമര്‍ശനം ശക്തമാക്കി.  

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് ഓസ്ട്രേലിയയില്‍ നിന്ന് ആദ്യമായി ടീം ഇന്ത്യ തലയുയര്‍ത്തി മടങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങി. ഖവാജ– ഷോണ്‍ മാര്‍ഷ് കൂട്ടുകെട്ട് തകര്‍ത്ത് തുടങ്ങിയ ചഹല്‍ അവസാനിപ്പിച്ചത് ആറുവിക്ക്റ്റ് നേടി. 

58 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍സ്കോംപാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ പതിവിന് വിപരീതമായി രോഹിത്തിന്റെ വിക്കറ്റ് ആദ്യമേ നഷ്ടമായി .വൈകാതെ ധവാനെ സ്റ്റോയിണിസ് മടക്കി.  അക്കൗണ്ട് തുറക്കും മുമ്പ് ധോണിയെ കൈവിട്ട മാക്്സ്്വെല്ലിന് സ്വയം പഴിക്കാം.  

46 റണ്‍സുമായി കോഹ്‍ലി മടങ്ങിയെങ്കിലും ധോണിക്കൊപ്പം അര്‍ധസെഞ്ചുറി നേടി കേദാര്‍ ജാദവ് അവസരത്തിനൊത്തുയര്‍ന്നു .അവസാന ഓവറിലെ ആദ്യ പന്ത് ചരിത്രം കുറിച്ച് മെല്‍ബണിലെ ബൗണ്ടറി കടന്നു. കേദാര്‍ ജാദവ് 61 റണ്‍സും ധോണി 87 റണ്‍സുമെടുത്തു.