ഹാർദിക് നിഷ്കളങ്കൻ; ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല: പിതാവ്

സ്വകാര്യ ജീവിതത്തെകുറിച്ചും ലൈംഗിക ജീവിതത്തെകുറിച്ചും  തുറന്നു പറഞ്ഞ് പുലിവാൽ പിടിച്ച ഹാർദിക് പാണ്ഡ്യയേയും കെഎൽ രാഹുലിനെയും ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ നിന്ന് ഒഴിവാക്കി. ഇവർക്കതിരായ ബി.സി.സി.ഐ അന്വേഷണം പൂർത്തിയാവുന്നതുവരെയാണ് സസ്പെൻഷൻ. കെ.എൽ രാഹുലിനെ ആദ്യ ഏകദിനത്തിലേക്ക് പരിഗണിക്കുന്നില്ലെന്നും ഹാർദിക് പാണ്ഡ്യ ടീമിലുണ്ടാവില്ലെന്നുമാണ് റിപ്പോർട്ടുകൾ. 

എന്നാൽ ഹാർദിക് പാണ്ഡ്യയെ പിന്താങ്ങി പിതാവ് ഹിമാൻഷു പാണ്ഡ്യ രംഗത്തെത്തി. ഹാർദിക് ഉദ്ദ്യേശിച്ച രീതിയിൽ അല്ല ആളുകൾ ആ വാക്കുകൾ വായിച്ചെടുത്തതെന്നും ആളുകളെ രസിപ്പിക്കുകയെന്ന ഉദ്ദ്യേശത്തിൽ പറഞ്ഞ വാക്കുകൾ ഇത്രയധികം വിവാദമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഹിമാൻഷു പാണ്ഡ്യ പറഞ്ഞു. ആരെയും വേദനിപ്പിക്കാത്ത ശുദ്ധഗതിക്കാരനാണ് ഹാർദിക് എന്നും വിവാദങ്ങളിൽ അതീവ ദുഖിതനാണെന്നും ഹിമാൻഷു പറഞ്ഞു. 

സ്വകാര്യ ജീവിതത്തെകുറിച്ചും ലൈംഗിക ജീവിതത്തെകുറിച്ചും പാണ്ഡ്യ നടത്തിയ പരാമർശങ്ങൾ സ്ത്രീ വിരുദ്ധതയും, വംശീയ അധിക്ഷേപവുമാണെന്ന തരത്തിൽ വിമര്‍ശനമുയര്‍ന്നിരുന്നു. തുടർന്നാണ് ബിസിസിഐ ഇടപെടൽ. പരാമർശങ്ങളിൽ ഉടൻ വിശദീകരണം നൽകാനാണ് ബിസിസിഐ ആരാഞ്ഞിട്ടുള്ളത്.തന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നതായി നേരത്തെ പാണ്ഡ്യ ട്വിറ്ററിൽകുറിച്ചിരുന്നു.

ഇരുവരേയും വിമര്‍ശിച്ച് ക്യാപ്റ്റൻ കോഹ്‍ലിയും രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ പറ്റാത്ത അഭിപ്രായ പ്രകടനമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കോഹ്‍ലി വിമർശിച്ചിരുന്നു. ഹാർദിക്കും രാഹുലും ഒന്നിച്ച ആറാമത്തെ എപ്പിസോഡിലാണ് തുറന്നു പറച്ചിൽ.നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഷോയിൽ ഹാർദിക് തുറന്നു സമ്മതിച്ചു. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളിൽ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാർദിക് പറഞ്ഞിരുന്നു. ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസങ്ങളിൽ ഞാൻ തന്നെ മാതാപിതാക്കളോട് പറയും– ഞാൻ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കൾ ആവശ്യപ്പെടാതെ തന്നെ ഞാൻ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്. ഹാർദിക്കിന്റെ മറുപടി കേട്ട് അവതാരകനായ കരൺ ജോഹർ അക്ഷരാർത്ഥത്തിൽ അന്തം വിടുകയും ചെയ്തു.